ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വിശ്വസിച്ച വ്യക്തിത്വം; സൈറസ് മിസ്ത്രിയുടെ മരണത്തിൽ അനുശോചനമറിയിച്ച് മോദി
national news
ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വിശ്വസിച്ച വ്യക്തിത്വം; സൈറസ് മിസ്ത്രിയുടെ മരണത്തിൽ അനുശോചനമറിയിച്ച് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th September 2022, 6:10 pm

ന്യൂദൽഹി: സൈറസ് മിസ്ത്രിയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഞായറാഴ്ചയായിരുന്നു അന്ത്യം.

സൈറസ് മിസ്ത്രിയുടെ മരണം ഞെട്ടിച്ചെന്നും വ്യവസായ-വാണിജ്യ ലോകത്തിന് അദ്ദേഹത്തിന്റെ വിയോ​ഗം വലിയ നഷ്ടമാണെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വിശ്വസിച്ച ആളായിരുന്നു സൈറസ് മിസ്ത്രിയെന്നും മോദി വ്യക്തമാക്കി.

ഞായറാഴ്ച മുംബൈ- അഹമ്മദാബാദ് ദേശീയപാതയിൽ പാൽഘറിൽ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടമുണ്ടായത്.

മിസ്ത്രി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിൽ മിസ്ത്രിയോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു.

ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ ചെയർമാനായിരുന്നു മിസ്ത്രി. പിന്നീട് ചെയർമാൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിയിരുന്നു. ഇതിനെതിരെ അദ്ദേഹം നിയമപരമായി മുന്നോട്ടുനീങ്ങുകയും ഒടുവിൽ ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ കമ്പനി നിയമ ട്രിബ്യൂണൽ ഉത്തരവിടുകയുമായിരുന്നു.

മൂന്ന് വർഷം മുമ്പാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ പുറത്താക്കിയത്. എന്നാൽ, ടാറ്റാ ഗ്രൂപ്പ് ചെയർമാനായി ബോംബെ ഹൗസിലേക്ക് ഇനി മടങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്ന് മിസ്ത്രി വ്യക്തമാക്കി. 2016ലാണ് ടാറ്റ സൺസിന്റെ ആറാം ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ അസാധാരണ നീക്കത്തിലൂടെ സ്ഥാനത്ത് നിന്ന് മാറ്റിയത്.

നാനോ കാർ നിർമാണമുൾപ്പെടെയുള്ള വിഷയങ്ങളിൽ രത്തൻ ടാറ്റയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മിസ്ത്രിയുടെ പുറത്താക്കലിലേക്ക് നയിച്ചത്. ടാറ്റയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ താക്കോൽ സ്ഥാനത്തേക്ക് രത്തൻ ടാറ്റയുടെ പിൻഗാമിയായി 2012ലാണ് സൈറസ് മിസ്ത്രി എത്തുന്നത്.

ടി.സി.എസ് ജാഗ്വാർ, ലാന്റ് റോവർ എന്നീ കമ്പനികളുടെ പ്രവർത്തനത്തിൽ ചെയർമാൻ എന്ന നിലയിൽ തനിക്ക് പൂർണ സ്വാതന്ത്ര്യം കിട്ടിയിരുന്നില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പുറത്താക്കിയ ശേഷം സൈറസ് മിസ്ത്രി ഉന്നയിച്ചിരുന്നു. അഞ്ച് വർഷം നീണ്ട നിയമയുദ്ധത്തിലാണ് മിസ്ത്രിക്ക് അനുകൂലമായി കോടതി വിധി പറഞ്ഞത്.

Content Highlight: Prime minister modi says condolences to syrus mishri