| Thursday, 27th April 2023, 10:16 am

പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ 55 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയും 22 കാരറ്റ് സ്വര്‍ണ സോപാനവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ 55 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയും 22 കാരറ്റ് സ്വര്‍ണ സോപാനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി അനാച്ഛാദനം ചെയ്തു.

പാരമ്പര്യവും ആത്മീയതയും ഉത്സവങ്ങളും കലകളും സംഗമിക്കുന്ന സ്ഥലമായ തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായാണ് കണക്കാക്കുന്നതെന്നും സമ്പന്നമായ ഈ സാംസ്‌കാരിക പൈതൃകത്തിന്റെ സാക്ഷ്യപത്രമാണ് ശ്രീ സീതാരാമസ്വാമി ക്ഷേത്രമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സീതാരാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവര്‍ക്ക് സ്വര്‍ണ്ണ സോപാനം സമര്‍പ്പിക്കുന്നത് വലിയ സന്തോഷം നല്‍കുന്നു. ഈ സന്തോഷകരമായ അവസരത്തില്‍, എല്ലാവര്‍ക്കും പ്രത്യേകിച്ച് ശ്രീ ടി.എസ് കല്യാണരാമനും കല്യാണ്‍ കുടുംബത്തിനും ഹൃദയംഗമമായ ആശംസകള്‍ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി,എസ് കല്യാണരാമന്‍ ഗുജറാത്തില്‍ എന്നെ സന്ദര്‍ശിച്ചപ്പോഴാണ് ഈ ക്ഷേത്രത്തെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ക്ഷേത്രത്തിന്റെ ആത്മീയ ഊര്‍ജത്തെയും ശക്തിയെയും കുറിച്ച് അന്ന് അദ്ദേഹം ആവേശത്തോടെ സംസാരിച്ചു. ഇന്ന്, ഈ ശുഭമുഹൂര്‍ത്തത്തില്‍, ഞാനും നിങ്ങളോടൊപ്പമുള്ളതുപോലെ അനുഭവപ്പെടുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈബ്രിഡ് രീതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.

ഹനുമാന്‍ പ്രതിമയുടെയും 22 കാരറ്റ് സ്വര്‍ണ സോപാനത്തിന്റെയും അനാച്ഛാദനച്ചടങ്ങില്‍ കേരളത്തില്‍നിന്നും വിദേശത്തുനിന്നുമുള്ളവര്‍ ഓണ്‍ലൈനായി പങ്കാളികളായി.

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിമയും 22 കാരറ്റ് സ്വര്‍ണ സോപാനവും അനാച്ഛാദനം ചെയ്യുന്നതിനോട് അനുബന്ധിച്ച് രാമായണത്തെ അടിസ്ഥാനമാക്കി ആകര്‍ഷകമായ ലേസര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും സംഘടിപ്പിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്ന് ഊഷ്മളമായ പ്രതികരണം ലഭിച്ച ലേസര്‍ ഷോ തൃശൂര്‍ പൂരം വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് നടത്തും.

We use cookies to give you the best possible experience. Learn more