| Thursday, 26th December 2019, 7:45 am

'പ്രധാനമന്ത്രി എന്തൊക്കെയോ പറയുന്നു, അദ്ദേഹത്തിന്റെ മന്ത്രി മറ്റെന്തൊക്കെയോ പറയുന്നു'; പൗരത്വ നിയമത്തിലും സമ്പദ് വ്യവസ്ഥയിലും സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്‍.സിയിലും കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ നില്‍ക്കുമ്പോള്‍ പൗരത്വ നിയമത്തിലും എന്‍.ആര്‍.സിയിലും ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

‘സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. എന്‍.ആര്‍.സിയില്‍ ബി.ജെ.പി ജനങ്ങളില്‍ ആശങ്കയുണ്ടാക്കുകയാണ്. ഈ വിഷയത്തില്‍ അവരുടെ നേതാക്കള്‍ക്കു പോലും വ്യക്തതയില്ല. ആര്‍ക്കുമില്ല. പ്രധാനമന്ത്രി എന്തൊക്കെയോ പറയുന്നു. അദ്ദേഹത്തിന്റെ മന്ത്രി മറ്റെന്തൊക്കെയോ പറയുന്നു.

പറയുന്നതില്‍ നിന്നു വളരെ വ്യത്യസ്തമാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങള്‍,’ ജയ്പുരില്‍ മാധ്യമങ്ങളോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിസംബര്‍ 28-ന് കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തില്‍ ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്നും സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണെന്നും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടും. ശനിയാഴ്ച ജയ്പുരില്‍ ‘ഇന്ത്യയെ രക്ഷിക്കുക, ഭരണഘടനയെ രക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപക ദിനത്തില്‍ മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചേക്കും. അസമിലെ ഗുവാഹത്തിയിലാണ് ഡിസംബര്‍ 28-ന് കോണ്‍ഗ്രസ് പ്രക്ഷോഭം.

ഡിസംബര്‍ 27-ന് ഛത്തീസ്ഗഢിലെ റായ്പുരില്‍ നടക്കുന്ന ദേശീയ ഗോത്ര നൃത്ത ഫെസ്റ്റിവലില്‍ രാഹുല്‍ പങ്കെടുക്കും. അതിന് ശേഷമാണ് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കുക.

Latest Stories

We use cookies to give you the best possible experience. Learn more