ന്യൂദല്‍ഹി: കാശ്മീരിലെ സൈനിക യൂണിറ്റില്‍ സൈനികരും ഓഫീസര്‍മാരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായി മലയാളി സൈനികന്‍ സ്വയം വെടിവെച്ചുമരിച്ച സംഭവം പെരുപ്പിച്ച് കാണിക്കുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.[]
രാജ്യസഭയില്‍ സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരിയാണ് ഈ വിഷയം ഉന്നയിച്ചത്. സംഭവത്തില്‍ പ്രതിരോധമന്ത്രി മറുപടി പറയണമെന്നായിരുന്നു യെച്ചൂരിയുടെ ആവശ്യം. എന്നാല്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലെന്നും നിസ്സാരമായ പ്രശ്‌നം പെരുപ്പിച്ച് കാണിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മവീര്യം ഉള്ളവരായിരിക്കണം. ഒരു സൈനികന്‍ ആത്മഹത്യ ചെയ്‌തെന്ന് പറയുന്നത് സൈനികരുടെ ആത്മവീര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും പ്രധാനന്ത്രി അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് കാശ്മീര്‍ യൂണിറ്റിലെ ജവാനായ അരുണ്‍കുമാര്‍ (26) സ്വയം വെടിവെച്ച് മരിച്ചത്. 16 ലൈറ്റ് കാവ്‌ലറി റജിമെന്റിലെ പട്ടാളക്കാരനാണ് അരുണ്‍. സംഭവദിവസം രാവിലെ അരുണിന് ഒരുഫോണ്‍ വന്നിരുന്നു. അതിനുശേഷം ഗാര്‍ഡിന്റെ റൂമില്‍ പോവുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് സാമ്പ സീനിയര്‍ പോലീസ് സൂപ്രണ്ട് ഇസ്‌റാര്‍ ഖാന്‍ പറഞ്ഞു.
എന്നാല്‍ സാംബയിലെ സൈനിക യൂണിറ്റില്‍ മേലധികാരികളുടെ പീഡനത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്നും ആരോപണമുണ്ട്.