മിസോറാമിലേക്ക് മോദിയില്ല; പകരം അമിത് ഷാ
national news
മിസോറാമിലേക്ക് മോദിയില്ല; പകരം അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th October 2023, 8:38 am

ഐസ്വാള്‍: മിസോറാമില്‍ ഒക്ടോബര്‍ 30 ന് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചരണത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ നേതൃത്വം നല്‍കും.

പ്രധാനമന്ത്രി പങ്കെടുക്കേണ്ടിരുന്ന മാമിത് ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയെ അമിത് ഷാ അഭിസംബോധന ചെയ്യുമെന്ന് ബി.ജെ.പിയുടെ മിസോറാം പ്രസിഡന്റ് വനലാമുക പറഞ്ഞു. അമിത് ഷായുടെ പ്രചരണ തിയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

യാത്ര റദ്ദാക്കാനുള്ള കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. മണിപ്പൂരിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചരണത്തിന് എത്തുന്ന മോദിയുമായി വേദി പങ്കിടില്ലെന്ന് മിസോറാം മുഖ്യമന്ത്രി സ്വറംതങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

മണിപ്പൂര്‍ പ്രതിസന്ധിയില്‍ മൗനം പാലിച്ചതിനെ തുടര്‍ന്നാണ് മോദി മിസോറാം തിരഞ്ഞെടുപ്പ് റാലി റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

‘ഒക്ടോബര്‍ 30ന് പ്രധാനമന്ത്രി മിസോറാമില്‍ ഇലക്ഷന്‍ റാലിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹം സന്ദര്‍ശനം റദ്ദാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
180 ദിവസത്തോളം ആയി ആഴത്തിലുള്ള അസ്വസ്ഥതകള്‍ നിറഞ്ഞ അയല്‍ സംസ്ഥാനം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് സമയം കണ്ടെത്താനാകാത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നത് കൊണ്ടാകുമോ അദ്ദേഹം റാലി റദ്ദാക്കിയത് ? ഏത് മുഖവുമായാണ് അദ്ദേഹം മിസോറാമിലെ റാലിക്ക് പോകുക?’ ജയറാം രമേഷ് എക്‌സില്‍ കുറിച്ചു.

content highlight: PM cancels Mizoram poll campaign trip, Shah to fill in