ഗുവാഹത്തി: അസമില്‍ കുടിയൊഴിപ്പിക്കലിനിടെ മനുഷ്യാവകാശ ലംഘനം നടന്നെന്ന് അസം മനുഷ്യാവകാശ കമ്മീഷന്‍.
ധറാംഗ് ജില്ലയിലെ ഗോരുഖുട്ടിയില്‍ നടന്ന കുടിയൊഴിപ്പിക്കലില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായാണ് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാന്‍ പാനല്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ നല്‍കിയ പരാതിയില്‍ലാണ് കമ്മീഷന്റെ നടപടി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ധറാംഗിലെ സിപാജറില്‍ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തത്.
കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.
12 വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Prime facie human rights violated during Darrang eviction: Assam Human Rights Commission