തിരുവനന്തപുരം: പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപത്തി വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് അറസ്റ്റിൽ. 13 വർഷങ്ങൾക്ക് ശേഷമാണ് സവാദ് പിടിയിലാകുന്നത്. കണ്ണൂരിൽ വെച്ച് എൻ.ഐ.എയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദിനെ പിടികൂടിയത്.
പൗരൻ എന്ന നിലയിൽ തനിക്ക് സന്തോഷമുണ്ടെന്നും ഒരു ഇരയെന്ന നിലയിൽ പ്രത്യേകിച്ച് താത്പര്യമൊന്നുമില്ല എന്നും പ്രൊഫ. ടി.ജെ. ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേസിന്റെ അന്വേഷണം തന്നെ ആക്രമിക്കാൻ തീരുമാനിച്ച ആളുകളിലേക്ക് ഒന്നും പോയിട്ടില്ല എന്നും അവരിലേക്ക് ഒന്നും അന്വേഷണം പോകാത്ത സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ പൂർണമായും നിരോധിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
‘ ഈ കേസിലെ ഒന്നാംപ്രതി സവാദ് ആകുന്നത് എന്നെ ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആളെന്ന നിലയിലാണ്. ഈ ആക്രമണം നടത്താൻ പദ്ധതിയിട്ട ആളുകളാണ് യഥാർത്ഥത്തിൽ മുഖ്യപ്രതികൾ.
അദ്ദേഹത്തെ പിടികൂടിയതിൽ നിയമവ്യവസ്ഥകളെ ബഹുമാനിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ എനിക്കും സന്തോഷമുണ്ട്. അല്ലാതെ വ്യക്തിപരമായിട്ട് എനിക്ക് അതിൽ താത്പര്യമൊന്നുമില്ല.
13 വർഷമായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയ പൊലീസ് വകുപ്പിന് അവരുടെ ബാധ്യത തീർന്നതിൽ സമാധാനിക്കാം. ഈ രാജ്യത്ത് നിയമസംവിധാനമൊക്കെ ഫലപ്രദമായി പോകുന്നു എന്നതിൽ സാധാരണക്കാർക്കും അഭിമാനിക്കാവുന്ന സംഗതിയാണ്.
കേസിന്റെ അന്വേഷണം എന്നെ ആക്രമിക്കാൻ തീരുമാനിച്ച ആളുകളിലേക്ക് ഒന്നും പോയിട്ടില്ല. അവരിലേക്ക് ഒന്നും അന്വേഷണം പോകാത്ത സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ പൂർണമായും നിരോധിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
അവരുടെ ആയുധമായി പ്രവർത്തിക്കുന്ന കൊട്ടേഷൻ സംഘങ്ങളാണ് പ്രതികളായി ശിക്ഷിക്കപ്പെടുന്നത്. ഇതിനു പിന്നിലുള്ള ക്രിമിനൽ ബുദ്ധി തടവിലാക്കപ്പെടാത്ത ഇടത്തോളം ഇത്തരം ക്രിമിനൽ കേസുകൾ ഇനിയുമുണ്ടാകാം,’ ടി.ജെ. ജോസഫ് പറഞ്ഞു.
ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. മറ്റ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം പള്ളിയിൽപ്പോയി മടങ്ങുന്നതിനിടെ പ്രൊഫ. ജോസഫിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ ആക്രമിക്കുകയായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന ചോദ്യകടലാസ് തയ്യാറാക്കി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആദ്യഘട്ടത്തിൽ അന്വേഷണസംഘം 31 പേരെ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. ഇതിൽ 13 പേരെ ശിക്ഷക്ക് വിധിച്ചു. 18 പേരെ കോടതി വെറുതെ വിട്ടിരുന്നു.
Content Highlight: Prime Accused in Prof. TJ Joseph case arrested after 13 years