മലിനീകരണം നഗരത്തെ ശ്വാസം മുട്ടിക്കുന്നു; ദൽഹിയിലെ പ്രൈമറി സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നു
national news
മലിനീകരണം നഗരത്തെ ശ്വാസം മുട്ടിക്കുന്നു; ദൽഹിയിലെ പ്രൈമറി സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th November 2024, 10:25 pm

ന്യൂദൽഹി: ദൽഹിയിലെ വായു ഗുണനിലവാരം മോശമായതിനാൽ, അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈൻ മോഡിലേക്ക് മാറ്റുമെന്ന് പ്രഖ്യാപനവുമായി സർക്കാർ. ‘മലിനീകരണ തോത് ഉയരുന്നതിനാൽ, ദൽഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും കൂടുതൽ നിർദേശങ്ങൾ ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറും,’ ദൽഹി മുഖ്യമന്ത്രി അതിഷി എക്‌സിൽ കുറിച്ചു.

ഇതനുസരിച്ച് പ്രൈമറി ക്ലാസുകൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യാഴാഴ്ച വൈകീട്ട് ഉത്തരവിറക്കി. ‘ദൽഹിയിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (DoE), MCD, NDMC, DCB എന്നിവയുടെ എല്ലാ സർക്കാർ, സർക്കാർ-എയ്ഡഡ്, അൺ എയ്ഡഡ് സ്വകാര്യ അംഗീകൃത സ്‌കൂളുകളുടെ തലപ്പത്തിരിക്കുന്നവർക്കും അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള സ്‌കൂളുകളിലെ ക്ലാസുകൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇനിയുള്ള ഓർഡറുകൾ വരെ ഈ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ മോഡിൽ ക്ലാസുകൾ നൽകേണ്ടതാണ്,’ ഉത്തരവിൽ പറയുന്നു.

ദൽഹി-എൻ.സിആറിലെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജി.ആർ.എ.പി) സ്റ്റേജ് 3 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് പ്രൈമറി ക്ലാസുകൾ ഓൺലൈനായി മാറ്റാനുള്ള തീരുമാനം.

അതേസമയം, ദൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) പ്രവൃത്തിദിവസങ്ങളിൽ 20 അധിക യാത്രകൾ പ്രഖ്യാപിച്ചു. മലിനീകരണം മൂലം നഗരം ശ്വാസം മുട്ടുന്നതിനാൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനും തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് ദൽഹി മെട്രോ ഇപ്പോൾ പ്രവൃത്തിദിവസങ്ങളിൽ മൊത്തം 60 അധിക ട്രിപ്പുകൾ നടത്തും.

വ്യാഴാഴ്ച രാവിലെ 6 മണിക്ക് എയർ ക്വാളിറ്റി ഇൻഡക്‌സ് (എ.ക്യു.ഐ) 432 ആയി ഉയർന്നതോടെ ദൽഹിയിലെ വായു ഗുണനിലവാരം ഈ ആഴ്‌ച ‘ഗുരുതരമായ’ നിലയിലെത്തി. ഇത് ദൽഹിയുടെ ഈ സീസണിലെ ഏറ്റവും മോശം വായു നിലവാരമാണ്.

 

 

Content Highlight: Primary schools in Delhi shift to online classes as pollution chokes city