| Friday, 16th December 2022, 5:02 pm

പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ തീയിടണം; ആഹ്വാനവുമായി അയോധ്യയിലെ പൂജാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അഗ്നിക്കിരയാക്കണമെന്ന ആഹ്വാനവുമായി അയോധ്യ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി രാജു ദാസ്. ചിത്രം ബോയ്‌കോട്ട് ചെയ്യണമെന്ന് രാജു ദാസ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

‘ബോളിവുഡും ഹോളിവുഡും സദാ സനാതന മതത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. കാവി വസ്ത്രത്തെ ദീപിക ബിക്കിനി ആയി ഉപയോഗിച്ചത് ഞങ്ങളെ വേദനിപ്പിക്കുന്നു. കാവി ബിക്കിനി ധരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന് ഞാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളും കത്തിക്കണം. എങ്കിലേ അവര്‍ക്ക് കാര്യം മനസിലാവുകയുള്ളൂ. ദുഷ്ടതയെ എതിര്‍ക്കണമെങ്കില്‍ നിങ്ങളും ദുഷ്ടരാവണം,’ അദ്ദേഹം പറഞ്ഞു.

അതേസമയം ചിത്രത്തിലെ ഗാനം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ബി.ജെ.പി മന്ത്രിമാരുള്‍പ്പെടെ സിനിമക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പത്താന്‍ എന്ന സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ റാം കദം ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.

പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറഞ്ഞു.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ഷാരൂഖും രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമ ഇടങ്ങള്‍ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനായി ഉപയോഗപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാരൂഖ്.

നിഷേധാത്മകത എന്നത് സമൂഹ മാധ്യമ ഉപയോഗത്തെ കൂട്ടുമെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. സ്വാഭാവികമായും അതിന്റെ വിപണി സാധ്യതയും വര്‍ധിക്കും. അത്തരം ശ്രമങ്ങള്‍ കൂട്ടായ്മ എന്നതിനെ അവസാനിപ്പിച്ച് പകരം ഭിന്നിപ്പിക്കലിന് കാരണമാകും. വരുന്ന തലമുറയ്ക്കായി സിനിമയിലൂടെ നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാം. ലോകം എന്തുതന്നെ ചെയ്താലും ഞങ്ങളെപ്പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരും, ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Priests in Ayodhya appeal to the public to boycott pathaan movie 

We use cookies to give you the best possible experience. Learn more