ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്ഷേത്ര വിഗ്രഹം തകർത്ത് മുസ്‌ലിം യുവാക്കളെ കുടുക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. സിദ്ധാർഥ് നഗറിലെ തൗളിഹാവ ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ക്രിച്ച് റാം ആണ് പൊലീസിന്റെ പിടിയിലായത്. 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകർത്തുവെന്നും തന്നെ മർദിച്ചുവെന്നും ആരോപിച്ചാണ് പൂജാരി പരാതി നൽകിയത്. പൂജയും മറ്റും നടത്താൻ തന്നെ അനുവദിക്കില്ലെന്നും യുവാക്കൾ ഭീഷണിപ്പെടുത്തിയതായും ഇയാൾ പരാതിയിൽ ആരോപിച്ചിരുന്നു. മുസ്‌ലിം യുവാക്കളായ മന്നാൻ, സോനു എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
തുടർന്ന് പൂജാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കതേല സമയമാത പൊലീസിന്റേതായിരുന്നു നടപടി. മറ്റു വിഭാഗക്കാരെ അവഹേളിക്കുകയും മർദിക്കുകയും ആരാധനാലയങ്ങൾ അശുദ്ധമാക്കിയെന്നുമായിരുന്നു കേസ്.
യുവാക്കൾക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തതോടെ ഗ്രാമനിവാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടാൻ തുടങ്ങി. തുടർന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു. പിന്നാലെ പൂജാരിയുടെ പരാതിയിൽ വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ വിഗ്രഹം തകർത്തത് പൂജാരി തന്നെയാണെന്ന് തെളിയുകയയായിരുന്നു. ക്ഷേത്ര പരിസരത്തെ മൈതാനത്ത് കളിച്ചിരുന്ന കുട്ടികളുടെ മൊഴിയാണ് വഴിത്തിരിവായത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഷൊഹ്‌റത്ഗഢിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദർവേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടികളുടെ മൊഴിയനുസരിച്ച് ചോദ്യം ചെയ്തതിൽ പൂജാരി കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: priest who tried to trap Muslim youth by breaking temple idol arrested in Uttar Pradesh