| Monday, 5th September 2022, 10:39 pm

ക്രെഡിറ്റ് എടുക്കാനും ആളാവാനും മിടുക്കന്‍; കുടിയാന്‍മലയിലെ അച്ചനായി ദിലീഷ് പോത്തന്റെ തകര്‍പ്പന്‍ പ്രകടനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ രണ്ടിനാണ് റിലീസ് ചെയ്തത്. ലൈവ് സ്റ്റേക്ക് ഇന്‍സ്‌പെക്റ്ററായ പ്രസൂണ്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

കുടിയാന്‍മല എന്ന പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളും മനുഷ്യരുടേയും ജീവിത പരിസരങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു. ബേസിലിന് പുറമേ ചിത്രത്തിലെത്തിയ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്.

കുറച്ച് സമയം മാത്രമാണ് വന്നതെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് ദിലീഷ് പോത്തന്‍ അവതരിപ്പിച്ച പുരോഹിതന്‍. വളരെ ഊര്‍ജസ്വലനായ, നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളിലെല്ലാം ഇടപെടുന്ന പുരോഹിതനെയാണ് ദിലീഷ് പോത്തന്‍ അവതരിപ്പിച്ചത്.

നാട്ടില്‍ ആര്‍ക്കെങ്കിലും എന്തെങ്കില്‍ ഗുണം ഉണ്ടായാല്‍ അത് തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി വന്നതാണെന്ന് കാണിച്ച് ക്രെഡിറ്റ് എടുക്കാനും എല്ലാ പ്രശ്‌നങ്ങളിലും കേറി ആളാവാനും നല്ല വിരുതാണ് ഈ അച്ചന്. ഒരു ഘട്ടത്തില്‍ ചികിത്സ കൊണ്ട് മാറേണ്ട രോഗത്തില്‍ പ്രാര്‍ത്ഥന നടത്തി രോഗിയുടെ അവസ്ഥ ഗുരുതരമാക്കുന്നുണ്ട് അച്ഛന്‍.

കുടിയാന്‍മലയിലെ പുരോഹിതനായി മികച്ച പ്രകടനമാണ് ദിലീഷ് പോത്തന്‍ നടത്തിയത്. ട്രാന്‍സ് എന്ന ചിത്രത്തിലെ പാസ്റ്ററിനോട് സമാനമായ ഊര്‍ജമാണ് പാല്‍തു ജാന്‍വറിലെ ദിലീഷ് പോത്തന്റെ കഥാപാത്രത്തില്‍ കാണാനാവുക.

ദിലീഷിനെ കൂടാതെ വാര്‍ഡ് മോമ്പറായി എത്തിയ ഇന്ദ്രന്‍സ്, വെറ്റിനറി ഡോക്ടറായ ഷമ്മി തിലകന്‍, ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോണി ആന്റണി എന്നിവരുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. നടനെന്ന നിലയില്‍ ബേസില്‍ ജോസഫും ഒട്ടേറെ മുന്നേറിയിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളില്‍ തുടങ്ങി പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് എത്തി ഇപ്പോള്‍ നായകനായി ഒരു സിനിമയ തന്റെ ചുമലിലേറ്റുന്നതിലേക്ക് ബേസില്‍ വളര്‍ന്നിട്ടുണ്ട്.

Content Highlight: priest played by Dileesh Pothan in palthu janwer is the character that caught the attention of the audience

Latest Stories

We use cookies to give you the best possible experience. Learn more