മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരേ സമയം നല്ലതും അതേസമയം മോശവുമായ ഒരു വര്‍ഷമായിരുന്നു 2021. കൊവിഡ് ഒന്നാം തരംഗം ഉണ്ടാക്കിയ ഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ തിയേറ്റര്‍ 2021 ജനുവരിയിലാണ് വീണ്ടും തുറന്നത്.
എന്നാല്‍ ഇടയ്ക്ക് വെച്ച് കൊവിഡ് രണ്ടാം തരംഗം വരികയും തിയേറ്ററുകള്‍ വീണ്ടും പൂട്ടേണ്ടിയും വന്നു. പിന്നീട് 2021 ഒക്ടോബര്‍ അവസാനമാണ് തിയേറ്ററുകള്‍ വീണ്ടും തുറന്നത്.
എന്നാല്‍ നിരവധി ചിത്രങ്ങള്‍ ഒ.ടി.ടിയിലൂടെ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായം ലഭിച്ച ചിത്രങ്ങളില്‍ പലതും ഒ.ടി.ടി റിലീസായിട്ടായിരുന്നു എത്തിയത്. 90 ഓളം സിനിമകളാണ് 2021 ല്‍ റിലീസായത്.
അതേസമയം ഏറെ പ്രതീക്ഷകളോടെ റിലീസ് ചെയ്യുകയും എന്നാല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയ സിനിമകളും ധാരാളമുണ്ടായിരുന്നു. റിലീസിന് മുമ്പ് സിനിമ അര്‍ഹിക്കുന്നതിലും വലിയ പ്രെമോഷന്‍ നല്‍കുകയും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കൂട്ടി റിലീസ് ആയപ്പോള്‍ പ്രതീക്ഷകള്‍ തകര്‍ക്കുകയും ചെയ്ത സിനിമകളില്‍ നിന്ന് ഡൂള്‍ന്യൂസ് തെരഞ്ഞെടുത്ത 5 ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ദി പ്രീസ്റ്റ്
മമ്മൂട്ടി നായകനായി തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. മമ്മൂട്ടി ആദ്യമായി പ്രീസ്റ്റ് ആയി എത്തുന്നു. മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്നു. അപരിചിതന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ഹൊറര്‍ സിനിമ, തുടങ്ങി നിരവധി പ്രത്യേകതകള്‍ ചിത്രത്തിനുണ്ടായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ പ്രതീക്ഷകള്‍ ഉണ്ടാക്കുന്നതായിരുന്നു.
എന്നാല്‍ തിയേറ്ററില്‍ ചിത്രം നിരാശയാണ് ഉണ്ടാക്കിയത്. മേക്കിംഗ് സ്റ്റൈല്‍ മികച്ച് നിന്നപ്പോഴും തിരക്കഥയിലെ കെട്ടുറുപ്പില്ലായ്മ ചിത്രത്തെ പിറകോട്ടടിപ്പിച്ചു. സസ്‌പെന്‍സുകള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ പ്രേക്ഷകന് കഴിഞ്ഞതും വലിയ പോരായ്മയായിരുന്നു.
നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങിയവരായിരുന്നു മറ്റുപ്രധാനവേഷത്തില്‍ എത്തിയത്.
ആണും പെണ്ണും
മലയാളത്തിലെ പ്രശസ്തമായ മൂന്ന് കഥകളെ അടിസ്ഥാനമാക്കി ഒരുക്കിയ ആന്തോളജി ചിത്രമായിരുന്നു ആണും പെണ്ണും, ഉണ്ണി ആര്‍, ഉറൂബ്, സന്തോഷ് ഏച്ചിക്കാനം എന്നിവരുടെ കഥകള്‍ സിനിമയാവുന്നുവെന്നത് റിലീസിന് മുമ്പ് തന്നെ വലിയ ചര്‍ച്ചയായിരുന്നു.
ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ഈ മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.
പ്രണയം, ചതി, ആസക്തി എന്നിവ പ്രമേയമാക്കിയാണ് ആണും പെണ്ണും എത്തിയത്. പാര്‍വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കിയത് സംവിധായകനായ വേണു തന്നെയായിരുന്നു.
ചിത്രത്തില്‍ ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം മാത്രമായിരുന്നു പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത്.
ഇരുള്‍
നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസായ ചിത്രമായിരുന്നു ഇരുള്‍. ഫഹദ് ഫാസില്‍, ദര്‍ശന, സൗബിന്‍ എന്നിവര്‍ ഒന്നിച്ച ചിത്രത്തിന് റിലീസിന് മുമ്പെ തന്നെ ഏറെ ഹൈപ്പ് ലഭിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സും അവരുടെ സ്ഥിരം പ്രെമോഷന്‍ പരിപാടികളും നടത്തിയിരുന്നു. നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മികച്ച സൈക്കോ ത്രില്ലറായിരിക്കുമെന്നായിരുന്നു വിലയിരുത്തിയിരുന്നത്.
റിലീസിന് മുമ്പെ ഒരുപാട് ചര്‍ച്ചയായിരുന്ന സിനിമയായിരുന്നു വണ്‍. മലയാളത്തിലെ ആദ്യ സ്പൂഫ് സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം എന്നതായിരുന്നു പ്രതീക്ഷകള്‍ ഉയരാനുണ്ടായ ആദ്യ കാരണം.
മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്നു. പിണറായി വിജയനുമായി മമ്മൂട്ടിയുടെ കഥാപാത്രത്തിന് സാമ്യമുണ്ടാകുമോയെന്ന ചര്‍ച്ചകള്‍ തുടങ്ങിയവയും ചിത്രത്തിന് ഹൈപ്പ് ഉണ്ടാക്കി.
ഇതിന് പുറമെ കുറച്ചുകാലത്തിന് ശേഷം മലയാളത്തില്‍ എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും വണ്‍ എന്നതും ബോബി സഞ്ജയ് ആണ് തിരക്കഥ എന്നതും ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. എന്നാല്‍ വണ്‍ സിനിമയും പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം
2021 ല്‍ ഏറ്റവും നിരാശപ്പെടുത്തിയ ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ്. പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീമിന്റെ സ്വപ്‌ന പദ്ധതി എന്ന രീതിയില്‍ പ്രഖ്യാപന വേളയില്‍ തന്നെ ചര്‍ച്ചയായ ചിത്രത്തിന്റെ ബഡ്ജറ്റ് പ്രഖ്യാപനമടക്കം ഏറെ ചര്‍ച്ചയായിരുന്നു.
റിലീസിന് മുമ്പായി തന്നെ നടന്ന പ്രെമോഷന്‍ അഭിമുഖത്തില്‍ തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന തരത്തിലുള്ള അണിയറപ്രവര്‍ത്തകരുടെ പ്രചാരണം ചിത്രത്തിന് ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു.
ഇതിന് പുറമെ സിനിമയെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടി. മരക്കാറിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ തിയേറ്ററില്‍ ഈ പ്രതീക്ഷകളെ നിലനിര്‍ത്താന്‍ ചിത്രത്തിനായില്ല. തിരക്കഥയിലെ പോരായ്മകളും വിദേശ സിനിമകളില്‍ നിന്നടക്കമുള്ള രംഗങ്ങള്‍ മരക്കാറിലേക്ക് ഉപയോഗിച്ചതും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. പല വി.എഫ്.എക്‌സ് രംഗങ്ങളും കല്ലുകടി ഉയര്‍ത്തുകയും ചെയ്തു.