| Tuesday, 12th June 2018, 5:26 pm

വീണ്ടും ദളിത് വിശ്വാസിയെ തോളിലേറ്റി ക്ഷേത്രത്തില്‍ പ്രവേശിക്കാനൊരുങ്ങി പുരോഹിതന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ദളിത് വിശ്വാസിയെ തോളിലേറ്റി ക്ഷേത്രത്തില്‍ പ്രവേശിക്കാനൊരുങ്ങി ആന്ധ്രയില്‍ നിന്നുള്ള പുരോഹിതന്‍. കടപ്പ ജില്ലയില്‍ നിന്നുള്ള കല്യാണപുരം വിജയകുമാറാണ് എഴുപതുകാരനായ കുല്ലൈ ചിന്ന നരസിംഹുലുവിനെ ചുമലിലെടുത്ത് ഗുണ്ടൂരിലെ മോഹനരംഗനായക സ്വാമി ക്ഷേത്രത്തിന്റെ പടികള്‍ ചവിട്ടുക.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന സമാനമായ സംഭവത്തില്‍ ചില്‍കൂര്‍ ബാലാജി ക്ഷേത്രത്തിലെ പുരോഹിതനായ രംഗരാജന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ആദിത്യ പരാശ്രീയെ തോളിലേറ്റി രംഗനാഥ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജൂണ്‍ 14നു നടക്കുന്ന ഘോഷയാത്രയുടെ ഭാഗമായി ഭക്തനെ തോളിലെടുത്ത് ക്ഷേത്രദര്‍ശനം നടത്താന്‍ വിജയകുമാര്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാവരും തുല്യരാണെന്ന സന്ദേശം ഉദ്‌ഘോഷിക്കുവാനായാണ് ചടങ്ങ് നടത്തുന്നതെന്ന് വിജയകുമാര്‍ പറയുന്നു.

ഏപ്രിലില്‍ നടന്ന ചടങ്ങ് രാജ്യത്തിനകത്തും പുറത്തുമുള്ള നേതാക്കളുടെയും ആത്മീയാചാര്യന്മാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബുദ്ധമതാചാര്യനായ ദലൈ ലാമ സംഭവത്തെപ്പറ്റി വായിച്ചറിയുകയും, രംഗരാജനെ പ്രശംസിച്ചുകൊണ്ട് എഴുതുകയും ചെയ്തിരുന്നു. “ജാതിയ്ക്കതീതമായി എല്ലാവരും ദൈവത്തിനു മുന്നില്‍ തുല്യരാണെന്നു കാണിക്കാനായി ഈ ചടങ്ങ് വീണ്ടും നടത്താന്‍ താല്‍പര്യപ്പെട്ടുകൊണ്ട് ഒരുപാട് പുരോഹിതര്‍ മുന്നോട്ടുവന്നിട്ടുണ്ട്. വിജയകുമാറും അത്തരമൊരു ഉദ്യമത്തിനായാണ് തയ്യാറെടുക്കുന്നത്.” രംഗരാജന്‍ പറയുന്നു.


Also Read:കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് പീഡനം മൂലം: പൊട്ടിത്തെറിച്ച് വി.എം സുധീരന്‍


മുന്‍ മന്ത്രിയും ആന്ധ്രാപ്രദേശ് നിയമസഭയിലെ തെലുങ്കുദേശം പാര്‍ട്ടി വിപ്പുമായ ദൊക്ക മാണിക്യ വരപ്രസാദ് റാവു, മോഹന രംഗനായക ക്ഷേത്രത്തില്‍ ചടങ്ങു നടത്താന്‍ തയ്യാറായി മുന്നോട്ടു വരികയായിരുന്നു. ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള പ്രമുഖ ദളിത് നേതാവു കൂടിയാണ് അദ്ദേഹം.

ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ദേവാലയ പ്രതിഷ്ഠാന പീഠം, ആന്ധ്ര പ്രദേശ് അര്‍ച്ചക സമഖ്യ എന്നീ സംഘടനകള്‍ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. വരപ്രസാദ് റാവുവിനൊപ്പം എസ്.സി./എസ്.ടി. സംവരണ സംരക്ഷണ സമിതി നേതാവ് കര്‍ണെ ശ്രീശൈലവും ചടങ്ങിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more