| Tuesday, 6th February 2018, 2:38 pm

പൂജാ സമയത്ത് ദേവിമാരെ സാരിക്ക് പകരം ചുരിദാറണിയിച്ച സംഭവം;പൂജാരിമാരെ പുറത്താക്കി ക്ഷേത്ര കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗപട്ടണം: ക്ഷേത്രത്തില്‍ പൂജാ സമയത്ത് ദേവിയുടെ വിഗ്രഹത്തില്‍ സാരിക്ക് പകരം ചുരിദാര്‍ ചാര്‍ത്തിയ രണ്ട് പൂജാരിമാരെ ക്ഷേത്ര കമ്മിറ്റി പുറത്താക്കി. നാഗപട്ടണത്തിനടുത്ത് മയിലാടും തുറയിലെ മയൂരനാഥ സ്വാമി ക്ഷേത്രത്തിലാണ് വിവാദത്തിനിടയാക്കിയ സംഭവം അരങ്ങേറിയത്. ദേവിയെ ചുരിദാറണിയിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് പൂജാരിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.

ക്ഷേത്രത്തിലെ അഭയാംബിക ദേവിയുടെ വിഗ്രഹത്തില്‍ ചന്ദനം ചാര്‍ത്തുന്ന ചടങ്ങിന്റെ മുന്നോടിയായി പരമ്പരാഗത വേഷമായ സാരിയാണ് ചാര്‍ത്താറുള്ളത്. എന്നാല്‍ പൂജാരിമാര്‍ ചേര്‍ന്ന് ചുരിദാര്‍ ഉടുപ്പിക്കുകയായിരുന്നു.  വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ക്ഷേത്രാചാരത്തെയും പാരമ്പര്യത്തെയും നിന്ദിച്ചെന്നാരോപിച്ച് പൂജാരിമാരോട് ജോലിയില്‍ നിന്ന് ഉടന്‍ പുറത്തുപോകണമെന്ന് ക്ഷേത്രം കമ്മിറ്റി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം.

മയിലാടും തുറ സ്വദേശികളായ കല്യാണസുന്ദരം(75), മകന്‍ കെ. രാജ്(45) എന്നിവരെയാണ് പൂജാരി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. കഴിഞ്ഞ 50 വര്‍ഷമായി കല്യാണ സുന്ദരം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ്. എന്നാല്‍ രാജ് പൂജാരിയായി ചുമതല ഏറ്റിട്ട് ആറ് മാസം മാത്രമെ ആയിട്ടുള്ളൂ. പ്രദേശത്തെ പുരാതനമായ ശിവക്ഷേത്രമാണ് മയൂരനാഥ ക്ഷേത്രം.

അതേസമയം ദേവിയെ വ്യത്യസ്തമായ രീതിയില്‍ അണിയിച്ചൊരുക്കാന്‍ വേണ്ടിയാണ് ചുരിദാര്‍ ചാര്‍ത്തിയതെന്ന് പൂജാരിയായ രാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ ചെയ്ത പ്രവൃത്തി വിശ്വാസികളെ ഇത്രത്തോളം വേദനിപ്പിക്കുമെന്ന് കരുതിയില്ല. ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more