അപകടകരമായ സത്യസന്ധതയോടെ ആത്മീയ ജീവിതം നയിക്കുന്ന ജെസ്യൂട്ട് വൈദികര്‍, ‘ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ സന്ദേഹ വാദി ‘കളാണ്. അവരുടെ ആത്മീയത ഒരര്‍ത്ഥത്തില്‍ സ്പിരിച്വല്‍ റിയാലിറ്റിയാണ്.
ഒരു കുരിശു ദേവാലയത്തിന്റെ അതിര്‍ത്തി പങ്കിടുന്ന വീടാണ് ഞങ്ങളുടേത്. അടുക്കള മതിലിനപ്പുറം ദേവാലയവും അച്ചന്റെ പാഴ്‌സനേജും. ക്രിസ്തീയ പുരോഹിതരില്‍ ജെസ്യൂട്ട് പാതിരിമാര്‍ക്ക് സവിശേഷമായ ഒരു പദവിയുണ്ട്. ‘കറുത്തവര്‍’ക്കിടയിലാണ് അവരുടെ വാക്കുകള്‍ ദൈവത്തില്‍ നിന്നുള്ള അശരീരികള്‍ പോലെ പുറപ്പെടുന്നത്. കറുപ്പ് എന്നാല്‍, വംശീയമായി, ജാതീയമായി കീഴാളത്വം അനുഭവിക്കുന്നവരുടെ കൂടി അടയാള നിറമാണ്. ആഗോളതലത്തില്‍ അങ്ങനെയാണ്.
ഒരിക്കല്‍ ഒരു ജെസ്യൂട്ട് വൈദികനുമായിട്ടുള്ള സംഭാഷണത്തിനിടയില്‍ ഒരു ചോദ്യമുന്നയിച്ചു:
‘യൂദാസ് സ്വര്‍ഗത്തിലോ നരകത്തിലോ?’ വയോധികനായ ആ ജെസ്യൂട്ട് വൈദികന്‍, ഏറെ സൗമ്യമായ കണ്ണുകള്‍ അടച്ച് എന്തോ ആലോചിച്ചു. പിന്നെ സക്കറിയയുടെ ഒരു കഥാ ശീര്‍ഷകം പോലെ ഒറ്റവരി മറുപടി: ആര്‍ക്കറിയാം!
യൂദാസിന് ഒരു ശിഷ്യ ജീവിതമുണ്ട്. ഒറ്റിന്റെ ഒടുവിലത്തെ ഉമ്മ നല്‍കും മുമ്പ്, ഹൃദയം കൊണ്ട് എത്രയോ വട്ടം ഉമ്മ വെച്ചിരിക്കും ഈശോയെ അയാള്‍. അയാളായിരുന്നു ഈശോയെ ഒടുവില്‍ ദൈവമാര്‍ഗത്തിലേക്ക് കയറ്റി വിടുന്നത്. ആത്മഹത്യ ചെയ്ത യൂദാസ് ഭൂമിയില്‍ സ്വന്തം ന്യായവിധിയുടെ ആരാച്ചാറുമായി. അപ്പോള്‍, അയാള്‍, ദൈവശാസ്ത്ര ചിന്തയില്‍ ദൈവഹിതം നിറവേറ്റുകയായിരുന്നു. യൂദാസ് സ്വര്‍ഗത്തിലോ നരകത്തിലോ എന്ന ചോദ്യം, ഏറെ മുഴക്കത്തോടെ വചനങ്ങളില്‍ തട്ടി തിരിച്ചുവരുന്നു. ഏറെ പ്രായമുള്ള ആ ജെസ്യൂട്ട് പാതിരിയുടെ സൗമ്യമായ ചിരി വര്‍ഷങ്ങള്‍ക്കിപ്പുറവും ഹൃദയത്തില്‍ നിന്ന് പോയിട്ടില്ല.
ഉമ്മാമയുടെ ഓര്‍മകളില്‍ രാത്രിയില്‍ വീടുകളില്‍ റാന്തല്‍ തൂക്കി വന്ന ഒരു വൈദികനെക്കുറിച്ചുള്ള ഓര്‍മയുണ്ട്. മലബാറില്‍ വസൂരിയും കോളറയും പടര്‍ന്ന നാളുകളിലായിരുന്നു അവ. രോഗികളുണ്ടോ എന്നു തിരക്കിയായിരുന്നു ജീവകാരുണ്യത്തിന്റെ വെള്ള വസ്ത്രധാരികള്‍ വീടുകളില്‍ വന്നത്. ഫാദര്‍ കയ്‌റോണി ആയിരുന്നു വിശുദ്ധനായ ആ വൈദികന്‍. സ്‌നേഹം, കരുതല്‍ – വചനങ്ങള്‍ അത് കൂടിയാണ്.
വമ്പിച്ച അധികാര കേന്ദ്രമായി സഭ മാറുമ്പോഴും, ജീവകാരുണ്യത്തിന്റെ മറ്റൊരു പാതയിലൂടെ ആത്മ റാന്തലുകളായി മുന്നോട്ടു പോയ എത്രയോ പുരോഹിതരുണ്ട്. കള്ളനായ ഷാങ് വാല്‍ ഷാങ്ങ് (ജീന്‍വാല്‍ജി)യെ സഹോദരാ എന്നു ചേര്‍ത്തു പിടിക്കുന്ന വൈദികന്‍, ടോള്‍സ്റ്റോയി കഥയില്‍ ചെരുപ്പുകുത്തിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ദൈവം – ആത്മീയത വിശക്കുന്നവന്റെ മുന്നില്‍ അപ്പമായും അഭയമായും പ്രത്യക്ഷപ്പെട്ട നിരവധി കഥകള്‍. കറുത്ത പാപ്പ എന്ന പേരില്‍ അറിയപെട്ട പീറ്റര്‍ അറൂപ്പെ മുതല്‍ ഫാദര്‍ എസ്. കാപ്പന്‍ വരെയുള്ള വിമോചന ദൈവശാസ്ത്ര ധാരകള്‍.
മാര്‍ക്‌സിസത്തേയും ക്രിസ്തീയ ചിന്തകളെയും മനോഹരമായി ഇണക്കിച്ചേര്‍ത്ത ഒരു ഗവേഷണ പുസ്തകം തയ്യാറാക്കിയ ഫാ. കൊട്ടുകാപ്പിള്ളി ഞങ്ങളുടെ അയല്‍ ഗ്രാമമായ മാട്ടൂല്‍ ചര്‍ച്ചില്‍ ദീര്‍ഘകാലം പുരോഹിതനായിരുന്നു. അദ്ദേഹവും ജെസ്യൂട്ട് സഭാംഗമായിരുന്നു. പാഴ്‌സനേജില്‍ അദ്ദേഹത്തോടൊപ്പം ഇരുന്ന ദിവസങ്ങള്‍ ഓര്‍മ വരുന്നു.
ഞങ്ങളുടെ കണ്ണൂര്‍ കുറുവയിലെ വീട്ടില്‍ ഫ്രെയിം ചെയ്തുവെച്ച ഒരേയൊരു ചിത്രം ഒരു ജെസ്യൂട്ട് വൈദികന്‍ സമ്മാനമായി തന്നതാണ്. ചിത്രകാരനായ ഫാദര്‍ റോയ് തോട്ടത്തില്‍. കുടിലില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം. പിറകില്‍ ഒറ്റമരം. വീടും മരവും പെണ്‍കുട്ടിയും ജൈവികമായ മൂന്ന് ഉണര്‍വ്വുകളാണ്.
ഫാദര്‍ റോയ് തോട്ടത്തില്‍ വരച്ച ചിത്രം
അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂരില്‍ ഒരു ചിത്രപ്രദര്‍ശനം നടത്തി. അന്ന് പ്രദര്‍ശനം കാണാന്‍ വന്ന ചില ജെസ്യൂട്ട് വൈദികരെ പരിചയപ്പെട്ടു. ഒരാള്‍ ഇന്ത്യന്‍ ക്ലാസിക് നൃത്ത കലകളില്‍ ഗവേഷണം ചെയ്യുന്നു. മറ്റൊരാള്‍, ചാര്‍ളി ചാപ്ലിന്‍ സിനിമകള്‍ കുട്ടികള്‍ക്ക് കാണിക്കാന്‍ ഒരു പ്രൊജക്റ്ററുമായി ‘സഞ്ചരിക്കുന്ന ചാപ്ലിന്‍ തീയേറ്റര്‍’ പോലെ ഒരു സര്‍ഗാത്മക ജീവിതം നയിക്കുന്നു. വേറൊരു നോട്ടത്തില്‍ ചിരിക്കുന്ന ക്രിസ്തു ആയിരുന്നല്ലൊ ചാപ്ലിന്‍.
ബാല്യത്തില്‍ ഉപ്പ വി.ഖുര്‍ആനോടൊപ്പം ബൈബിളും ഞങ്ങള്‍ മക്കള്‍ക്ക് വായിക്കാന്‍ തന്നു. ബൈബിള്‍ കഥകളുടെ അപൂര്‍വ്വമായ ഒരു കുഞ്ഞു പുസ്തകം ഞങ്ങളുടെ പുസ്തക ശേഖരത്തിലുണ്ട്. ഓര്‍മ മറ്റൊരു ബിന്ദുവില്‍ തൊടുന്നു. പ്രവാചകനായ മുഹമ്മദി(സ)നെ ഓര്‍ക്കുന്ന ഒരു താരാട്ട് പാട്ടുണ്ട്. മിക്കവാറും, മുസ് ലിം ചുണ്ടുകളില്‍ അത് കോര്‍ത്തു വെച്ചിട്ടുണ്ട്. ഹസ്ബീ റബ്ബീ ജല്ലള്ളാ, മാഫീഖല്‍ബീ ഖൈറുള്ള എന്നു തുടങ്ങുന്ന ആ പാട്ട്. ഉണ്ണീശോയെ ഏത് താരാട്ട് പാടിയായിരിക്കാം മറിയം ഉറക്കിയത് എന്ന ചോദ്യവും ഒരു ജെസ്യൂട്ട് വൈദികനോടാണ് ചോദിച്ചത്. ഇപ്പോഴും ഉത്തരം തേടുന്ന ചോദ്യമാണത്.
ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചി കേന്ദ്രീകരിച്ച് ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഈശോ സഭ പുരോഹിതനായ 83 വയസ്സുകാരനായ ഫാ.സ്റ്റാന്‍ സ്വാമിയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. പരിവാര്‍ വാഴ്ത്തുപാട്ടുകളുമായി ഈയിടെ പ്രത്യക്ഷപ്പെട്ട ചില പുരോഹിതര്‍ ഈ വാതില്‍ മുട്ട് കേള്‍ക്കുന്നുണ്ടാവുമെന്നുറപ്പാണ്. ജീവകാരുണ്യത്തിന്റെ വഴിയേ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ഓര്‍മകള്‍ കൊണ്ടുള്ള പ്രാര്‍ഥനകള്‍.
താഹ മാടായി എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ