| Friday, 15th October 2021, 11:58 am

കഞ്ചാവുമായി പൂജാരി പിടിയില്‍; വിദ്യാര്‍ത്ഥികള്‍ക്ക് ചില്ലറ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് എക്‌സൈസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം പിരപ്പന്‍കോട് ഭാഗങ്ങളില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവ് പിടികൂടി.

കഞ്ചാവ് വില്‍പന നടത്തിവന്ന പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ക്ഷേത്ര പൂജാരിയായ വൈശാഖ്, വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി അന്വേഷണത്തില്‍ നിന്നും വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

പിരപ്പന്‍കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുറച്ചുനാളായി എക്സൈസ് ഷാഡോ സംഘം പ്രദേശത്ത് പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

വെമ്പായം, വെഞ്ഞാറമൂട്, പോത്തന്‍കോട് ഭാഗങ്ങളില്‍ നിന്നുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെയുള്ളവര്‍ക്ക് വൈശാഖ് കഞ്ചാവ് വില്‍പന നടത്തിയിരുന്നു.

കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വൈശാഖ് എന്ന് എക്സൈസ് സംഘം വ്യക്തമാക്കി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

കഞ്ചാവ് വില്‍പ്പന സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി എക്സൈസ് സംഘം സംശയിക്കുന്നുണ്ട്. കൂടുതല്‍ ആളുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് സംഘം വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Priest arrested with cannabis

We use cookies to give you the best possible experience. Learn more