| Saturday, 22nd April 2023, 11:24 am

വൃത്തിയാക്കുന്നതിനിടയില്‍ വിഗ്രഹത്തിന്റെ വിരലുകള്‍ അടര്‍ന്നു; യുവാവിനെ തല്ലിക്കൊന്നു; പൂജാരി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഡ്ഗാവ്: വിഗ്രഹത്തിന്റെ ഒരു ഭാഗം അബദ്ധത്തില്‍ അടര്‍ന്നുപോയതിനെ തുടര്‍ന്ന് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. സംഭവത്തില്‍ പൂജാരിയായ അജിത് സിങ് (57) സഹായികളായ പ്രേംജീത്ത് ബല്‍ഹാര (32), സോനു (27) എന്നിവര്‍ അറസ്റ്റില്‍.

ബുധനാഴ്ച രാത്രിയില്‍ ഹരിയാനയിലെ ഗുഡ്ഗാവിലാണ് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് 24കാരനായ നേപ്പാള്‍ സ്വദേശി ദിനേശ് മരിച്ചത്. ക്ഷേത്രം വൃത്തിയാക്കാനും ടൈല്‍ പാകാനുമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദിനേശിനെ ജോലിക്കെടുത്തത്. ബുധനാഴ്ച ഇയാള്‍ വിഗ്രഹം വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ രണ്ട് വിരലുകള്‍ ഒടിഞ്ഞുപോവുകയായിരുന്നുവെന്ന് ഗുഡ്ഗാവ് പൊലീസ് പറഞ്ഞു.

‘വിഗ്രഹത്തിന്റെ ഒരു ഭാഗം തകര്‍ന്നത് കണ്ട് രോഷം പൂണ്ട പൂജാരിയായ അജിത് സിങ് സഹായികളായ പ്രേംജീത്തിനേയയും സോനുവിനേയും ക്ഷേത്രത്തിലേക്ക് വിളിച്ച് വരുത്തി. മൂവരും ചേര്‍ന്ന് ദിനേശിനെ ആല്‍മരത്തില്‍ കെട്ടിയിട്ട് വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ചും ദിനേശിനെ മര്‍ദിച്ചു. ഗുരുതരമായി പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ദിനേശ് മരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് ക്ഷേത്രത്തിന് പുറത്ത് ഉപേക്ഷിച്ചു,’ പൊലീസ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്‌പ്രെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിനേശിനെ ആക്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പരിസരവാസിയായ മഹേഷ് കുമാര്‍ പറഞ്ഞു. അടുത്ത ദിവസമാണ് ദിനേശിനെ ക്ഷേത്രത്തിന് പുറത്ത് കണ്ടെത്തിയതെന്നും ആശുപത്രിയില്‍ കൊണ്ടുചെന്നെങ്കിലും എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും മഹേഷ് കുമാര്‍ പറഞ്ഞു.

മഹേഷിന്റെ പരാതി പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൂജാരിയായ അജിത് സിങ്ങാണ് ഒന്നാം പ്രതി. കൂട്ടുപ്രതികളായ പ്രേജിത്തിനും സോനുവിനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രേംജീത്തിനെ നേരത്തെ ബലാത്സംഗ കേസിലും സോനുവിനെ കൊലപാതക ശ്രമത്തിനും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ജാമ്യത്തിലായിരുന്നു.

Content Highlight: priest and other two arrested for attacking 24 year old man

We use cookies to give you the best possible experience. Learn more