കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രൂപതയിലെ വൈദികന്‍ രംഗത്ത്. ബിഷപ്പിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും രാത്രിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായും പരാതിയുണ്ടെന്നും വൈദികന്‍ വെളിപ്പെടുത്തി.
പരാതികള്‍ പുറത്തു പറയാത്തത് അധികാരികളോടുളള പേടിമൂലമാണ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒന്‍പത് വൈദികര്‍ക്കൊപ്പം രൂപതയില്‍ ഉന്നയിച്ചിരുന്നുവെന്നും ഇദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
Read: ജലന്ധര്‍ ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീയുടെ പരാതി
പരാതിക്ക് രൂപതയില്‍ നിന്നോ സഭയില്‍ നിന്നോ നടപടി ഉണ്ടായില്ലെന്നും വൈദികന്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരയുള്ള കന്യാസ്ത്രീയുടെ പീഡന പരാതിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് വൈദികന്റെ വെളിപ്പെടുത്തല്‍.
ഫ്രാങ്കോ മുളയ്ക്കല്‍ മകളെ ഭീഷണിപ്പെടുത്തിയെന്ന് സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബിഷപ്പ് പരാതി എഴുതി വാങ്ങിയെന്നാണ് പിതാവിന്റെ ആരോപണം.
ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതിയാണ് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയത്. മദര്‍ സൂപ്പീരിയരിന്റെ സാന്നിധ്യത്തിലാണ് മകളെ ഭീഷണിപ്പെടുത്തിയത്.
ഇക്കാര്യങ്ങള്‍ പറഞ്ഞ് മകള്‍ ജലന്ധറില്‍ നിന്ന് 2017 നവംബറില്‍ തനിക്ക് കത്തെഴുതിയിരുന്നതായും കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു. ഒരാഴ്ചയ്ക്കകം താന്‍ ഈ പരാതി കര്‍ദിനാള്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് ബോധിപ്പിച്ചു.
മറ്റാരേയും മാധ്യമങ്ങളേയും അറിയിക്കരുതെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടു. നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും തുറവൂര്‍ സ്വദേശിയായ കന്യാസ്ത്രീയുടെ അച്ഛന്‍ പറഞ്ഞു.