ഉന്നാവോ പീഡനം; കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചു: മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ സംസ്‌കരിച്ചു
national news
ഉന്നാവോ പീഡനം; കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചു: മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ സംസ്‌കരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd August 2018, 8:06 am

ലക്‌നൗ: വിവാദമായ ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബി.ജെ.പി എം.എല്‍.എ പ്രതിയായ കേസിലെ സാക്ഷിയാണ് മരിച്ചത്.

നിലവില്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ പ്രധാന സാക്ഷിയായ യുനുസ് ആണ് മരിച്ചത്. അതേസമയം മരിച്ച യുനുസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെയാണ് സംസ്‌കരിച്ചത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.

വിവാദമായ ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെംഗാര്‍ ഇരയായ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തിന് ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുകയായിരുന്നു.


ALSO READ: ഈദ് നമസ്‌കാരത്തിനിടെ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരേ ആക്രമണം


ഇയാള്‍ പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുന്നതിന് ഏക സാക്ഷി യുനുസായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ യുനുസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് യുനുസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനുള്ളില്‍ യുനുസ് മരണപ്പെടുകയായിരുന്നു.

തുടര്‍ന്ന് സി.ബി.ഐയേയും ലോക്കല്‍ പൊലീസിനെയും വിവരമറിയിക്കാതെ ബന്ധുക്കള്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം യുനുസിന്റെ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും സ്വാഭാവിക മരണമാണ് യുനുസിന്റെത് എന്നുമാണ് പൊലീസ് പറഞ്ഞത്.