| Wednesday, 27th June 2018, 12:30 am

ഓസ്‌കാര്‍ അക്കാദമിയിലേക്ക് 20 ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചലച്ചിത്ര ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരങ്ങളിലൊന്നായ ഓസ്‌കറിന്റെ അവാര്‍ഡ് അക്കാദമിയിലേക്ക് പുതുതായി തെരഞ്ഞെടുത്തവരില്‍ ഇരുപത് ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരും. 59 രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ സിനിമയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നായിട്ടാണ് ഇന്ത്യയില്‍ നിന്നും ഇരുപത് പേരെ പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഷാരുഖ് ഖാന്‍, മാധുരി ദീക്ഷിത്, അനില്‍ കപൂര്‍, തബു തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നസുറീദ്ദന്‍ ഷാ, സൗമിത്ര ചാറ്റര്‍ജി, മധാഭി ചാറ്റര്‍ജി  എന്നീ പ്രമുഖരും പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. വിക്ടോറിയ ആന്റ് അബ്ദുള്‍ നായകന്‍ അലി ഫാസലും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്.

ആദിത്യ ചോപ്രയും ഗാങ്സ് ഓഫ് വസേപൂര്‍, ലഞ്ച് ബോക്സ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച ഗുനീത് മോംഗയുമാണ് നിര്‍മ്മാതാക്കളുടെ വിഭാഗത്തില്‍ നിന്നും അക്കാദമിയിലേക്ക് എത്തിയവര്‍.

അനില്‍ മേഹ്ത, ദേബജിത് ചങ്മായ് എന്നീ ഛായാഗ്രാഹകരും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിലുണ്ട്. സൗണ്ട് ഡിസൈനറായ ബിശ്വദീപ് ചാറ്റര്‍ജിയും ലിസ്റ്റിലുണ്ട്. മദ്രാസ് കഫേ, 3 ഇഡിയറ്റസ് എന്നീ സിനിമകളുടെ സൗണ്ട് ഡിസൈനിങ്ങ് ചെയ്തത് ബിശ്വദീപ് ചാറ്റര്‍ജിയാണ്.

കോസ്റ്റിയൂം ഡിസൈനര്‍മാരായ മനിഷ് മല്‍ഹോത്രയും ഡോളി അലുവാലിയയും തെരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്.

ദംഗലിന്റെ എഡിറ്ററായ ബല്ലു സലുജയോടൊപ്പം ബോളിവുഡിലെ പ്രശസ്ത പ്രൊഡക്ഷന്‍ ഡിസൈനര്‍മാരായ അമിത് റേയും സുബ്രത ചക്രബര്‍ത്തിയും പുതിയ അംഗങ്ങളിലുണ്ട്.

സംഗീതസംവിധാന രംഗത്തേക്ക് ഇടം നേടിയവരില്‍ ഇന്ത്യയില്‍ നിന്നും സ്നേഹ ഖാന്‍വാക്കറും ഉഷ ഖന്നയുമുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ദ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് 928 അംഗങ്ങള്‍ എന്ന റെക്കോര്‍ഡ് നമ്പറിലേക്കാണ് ഇപ്രാവശ്യം അംഗങ്ങളുടെ എണ്ണം എത്തിച്ചിരിക്കുന്നത്.

പക്ഷെ ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരില്‍ ബോളിവുഡില്‍ നിന്നുള്ളവര്‍ മാത്രമാണ് ഉള്ളതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം അക്കാദമിയിലേക്ക് ക്ഷണം ലഭിച്ചവരിലും ബോളിവുഡ് താരങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

We use cookies to give you the best possible experience. Learn more