തിരുവനന്തപുരം: കേരളത്തില്‍ പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വില കൂടും. അടുത്ത ദിവസം മുതല്‍ പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കുമെന്നാണ് മില്‍മ ചെയര്‍മാന്‍ അറിയിച്ചത്.
തൈര്, മോര്, ലെസ്സി എന്നീ ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം വില വര്‍ധിക്കും. നാളെ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്നും വില വര്‍ധനവിന്റെ കൃത്യമായ കണക്കുകള്‍ അടുത്തദിവസം പ്രസിദ്ധീകരിക്കുമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വ്യക്തമാക്കി.
പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തിലാണ് പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടേണ്ടിവന്നതെന്നും വിഷയത്തില്‍ അന്തിമ തീരുമാനം വൈകീട്ടോടെ എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച, ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ജൂണ്‍ മാസാവസാനം ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനമാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലുല്‍പന്നങ്ങള്‍ക്ക് വില കൂടുന്നത്.
പാലുല്‍പന്നങ്ങള്‍ക്ക് പുറമെ അരി, ഗോതമ്പുപൊടി, അരിപ്പൊടി എന്നിവയടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ വിലയും തിങ്കളാഴ്ച മുതല്‍ കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജി.എസ്.ടി കൗണ്‍സില്‍ തീരുമാനപ്രകാരം പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കും അഞ്ച് ശതമാനം നികുതി പ്രാബല്യത്തില്‍ വരും.
അതേസമയം നികുതി ഏര്‍പ്പെടുത്തിയതില്‍ വ്യക്തത തേടി കേരളം, ജി.എസ്.ടി വകുപ്പിന് കത്തയച്ചിട്ടുണ്ട്. ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ബാധകമാകും എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കത്തയച്ചിരിക്കുന്നത്. വ്യാപാരികളും വിഷയത്തില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്.
Content Highlight: Prices of Milk products will increase, says Milma Chairman