| Sunday, 24th October 2021, 9:04 am

14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിക്ക് വില വര്‍ധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പെട്ടി വിലയും വര്‍ധിക്കുന്നു. ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയായാണ് തീപ്പെട്ടി വില വര്‍ധിക്കുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയാണ് തീരുമാനത്തിന് പിന്നില്‍. ഈ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ വിലവര്‍ധന നിലവില്‍വരും.

ശിവകാശിയില്‍ ചേര്‍ന്ന തീപ്പെട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം.

2007 ലാണ് അവസാനമായി തീപ്പെട്ടിക്ക് വില വര്‍ധിപ്പിച്ചത്. അന്ന് 50 പൈസയില്‍ നിന്നാണ് വില ഒരു രൂപയാക്കിയത്. തീപ്പെട്ടി നിര്‍മ്മിക്കാനാവശ്യമായ 14 അസംസ്‌കൃത വസ്തുക്കള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.

റെഡ് ഫോസ്ഫറസിന്റെ വില 425 ല്‍ നിന്ന് 810 ആയതും വാക്‌സിന് 58 രൂപയായിരുന്നത് 80 ആയതും കമ്പനികളെ വില വര്‍ധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചു.

ഒക്ടോബര്‍ പത്തിന് ശേഷം തീപ്പെട്ടി കൂടുണ്ടാക്കുന്ന ബോക്‌സ് കാര്‍ഡ്, പേപ്പര്‍, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സള്‍ഫറിനുമെല്ലാം വില വര്‍ധിച്ചു.

ഇതിന് പുറമെ ഇന്ധന വിലയും ചരക്കു ഗതാഗതത്തിന്റെ ചെലവും വര്‍ധിപ്പിച്ചു. നിലവില്‍ തീപ്പെട്ടി കമ്പനികള്‍ 600 തീപ്പെട്ടികളുടെ കെട്ട് 270 മുതല്‍ 300 വരെ രൂപയ്ക്കാണ് വില്‍ക്കുന്നത്. ഓരോ ബണ്ടിലിന്റെയും നിര്‍മ്മാണ ചെലവ് 430 മുതല്‍ 480 വരെയായെന്ന് കമ്പനികള്‍ പറയുന്നു.

നേരത്തെ 25 പൈസയായിരുന്ന തീപ്പെട്ടിയ്ക്ക് 1995 ലാണ് 50 പൈസയാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Prices of matchboxes soar owing to inflation, to cost 2 from Dec 1

Latest Stories

We use cookies to give you the best possible experience. Learn more