ഖര്‍തൂം: ഫ്രാന്‍സിന് പിന്നാലെ സുഡാനിലും ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ബ്രഡിന് വിലകൂടിയതിന് പിന്നാലെ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് കലാപം അക്രമാസക്തമായത്. കലാപം രൂക്ഷമായതോടെ ഭരണപാര്‍ട്ടിയുടെ പ്രധാനഓഫീസ് കലാപകാരികള്‍ കത്തിച്ചു. പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ സ്ഥാനമൊഴിയണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം
തലസ്ഥാന നഗരമായ ഖര്‍തൂമില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെ അത്ബറയിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ ഓഫീസാണ് കലാപകാരികള്‍ അഗ്നിക്കിരയാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സുഡാനികളുടെ പ്രധാന ഭക്ഷണമായ ബ്രഡിന്റെ വില ക്രമാതീതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു സുഡാനി പൗണ്ടായിരുന്ന വില മൂന്നായാണ് വര്‍ധിച്ചത്. രാജ്യത്ത് തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ അസ്ഥിരതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്രഡിന്റെ വില വര്‍ധിച്ചത്.
പ്രക്ഷോഭകാരികള്‍ പോര്‍ട് സുഡാന്‍ നഗരവും റെഡ് സി സംസ്ഥാനത്തിന്റെ തലസ്ഥാനവും നേരത്തെ തകര്‍ത്തിരുന്നു. മുല്ലപ്പൂ വിപ്ലവത്തിനിടെ ഉയര്‍ന്ന മുദ്രവാക്യങ്ങളാണ് പ്രക്ഷോഭത്തിനിടെ ഉയര്‍ന്ന് കേള്‍ക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഫീസ് സമുച്ചയം നിലനിന്നിരുന്ന അത്ബാറയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായി നൈല്‍ റിവര്‍ സ്റ്റേറ്റ് ഗവര്‍ണര്‍ ഹതീം അല്‍ വസ്സിലാഹ് പറഞ്ഞു.
സമാധാനപരമായി തുടങ്ങിയ പ്രക്ഷോഭം ഇപ്പോള്‍ അക്രമാസക്തമായിരിക്കുകയാണ്. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും വലിയ വിലയിലേക്കാണ് ബ്രഡിന്റെ വില കുതിച്ചുയരുന്നത്. ഗോതമ്പ് ഇറക്കുമതി സര്‍ക്കാര്‍ നിര്‍ത്തിയതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു.
ബ്രഡ് ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാറും ഫണ്ട് ചെയ്യുന്നത്. ഇറക്കുമതി നിര്‍ത്തി സ്വകാര്യ കമ്പനികളെ പ്രതിരോധത്തിലാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ രാജ്യത്ത് ബേക്കറികള്‍ ഉല്‍പാദനം കുറച്ച് ബ്രഡിന്റെ വില ഉയര്‍ത്തിയതാണ് തിരിച്ചടിയായയത്.
സുഡാനിന്റെ തെക്കന്‍ പ്രദേശം സ്വതന്ത്ര രാജ്യമായതോടെ എണ്ണ സമ്പത്തിന്റെ 80 ശതമാനം കുറവാണ് ഉണ്ടായത്. ഇതിന് പുറമെ ഡോളറിനെതിരെ സുഡാനി പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി.