ന്യൂദല്‍ഹി: പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം പിന്തുണയ്ക്കാനുള്ള സി.പി.ഐ.എം തീരുമാനത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എമ്മിന്റെ ഗവേഷകവിഭാഗം കണ്‍വീനറും മുന്‍ എസ്.എഫ്.ഐ. നേതാവുമായ ഡോ.പ്രസന്‍ജിത്ത് ബോസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
യു.പി.എ. സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള പ്രണബ് മുഖര്‍ജിയെ പിന്തുണച്ചത് രാഷ്ട്രീയമായി ശരിയല്ലെന്നാണ് പ്രസന്‍ജിത്ത് ബോസിന്റെ വിമര്‍ശനം. ഇത് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയരേഖയുടെ ലംഘനമാണെന്നും അദ്ദേഹം പറയുന്നു.
1990കളില്‍ കൊല്‍ക്കത്തയിലെ കാമ്പസ് പഠനകാലത്താണ് പ്രസന്‍ജിത്ത് ബോസ് എസ്.എഫ്.ഐയിലെത്തുന്നത്. പിന്നീട് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എക്‌ണോമിക്‌സില്‍ പി.എച്ച്.ഡി നേടി ഉപരിപഠനം പൂര്‍ത്തിയാക്കുകയും സി.പി.ഐ.എം ഗവേഷകവിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു.
“”കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിയെ പിന്തുണക്കാനുള്ള തീരുമാനം വന്‍ അബദ്ധമാണ്. ഇത് ഇടത് ഐക്യത്തെ തകര്‍ക്കും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നതില്‍ എനിയ്ക്ക് ബുദ്ധിമുട്ടുണ്ട്””.- ബോസ് രാജിക്കത്തില്‍ ആരോപിച്ചു.
ബംഗാളില്‍ നിന്നുള്ള പ്രമുഖ സി.പി.ഐ.എം നേതാവും സാമ്പത്തിക വിദഗ്ദ്ധനും മുന്‍ ധനകാര്യമന്ത്രിയുമായ അശോക് മിത്രയും പ്രണബിനെ പിന്തുണയ്ക്കാനുള്ള സി.പി.ഐ.എം. തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ പ്രസന്‍ജിത്ത് ബോസിന്റെ രാജിയെ കുറിച്ച് പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. നന്ദിഗ്രാം വിഷയത്തിലും സിംഗൂര്‍ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നത്തിലും പാര്‍ട്ടിക്ക് നേരെയുണ്ടാകുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതില്‍ എന്നും ബോസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടുമായി ബോസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.