ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്തില്ലെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ക്ക് സംസ്ഥാനം കൊള്ളയടിക്കാനും ജനങ്ങളെ ദ്രോഹിക്കാനും മാത്രമായിരുന്നു താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വികസനത്തിന് വേണ്ടിയാണ് ആഗ്രഹിക്കുന്നതെന്നും, വികസനമാണ് ഉത്തര്‍പ്രദേശിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
‘മുന്‍പ് സംസ്ഥാനത്തില്‍ അധികാരത്തിലിരുന്നവര്‍ ജനങ്ങളുടെ വിശ്വാസത്തെയോ ആവശ്യങ്ങളെയോ പരിഗണിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ് കൊള്ളയടിക്കുക എന്നതുമാത്രമായിരുന്നു അവരുടെ അജണ്ട,’ മോദി പറയുന്നു.
ജനങ്ങളുടെ സേവകകര്‍ക്ക് മാത്രമേ അവരുടെ അനുഗ്രഹം ലഭിക്കയെന്നും മോദി പരിപാടിയില്‍ പറഞ്ഞു.
ശക്തമായ മത്സരമാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാനമായും ഉത്തര്‍പ്രദേശില്‍ നേര്‍ക്കുനേര്‍ മത്സരം നടക്കുന്നത്.
എക്കാലത്തേയും പോലെ വര്‍ഗീയതയും രാമക്ഷേത്രവും തന്നെ ഉയര്‍ത്തിപ്പിടിച്ചാണ് ബ.ജെ.പി ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാമക്ഷേത്രത്തിന് പുറമെ കാശിക്ഷേത്രവും ഇത്തവണ ബി.ജെ.പി പ്രചരണായുധമാക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പേ കാശി ധാം പദ്ധതിക്ക് ശതകോടികള്‍ പ്രഖ്യാപിച്ചതും കാശി ഇടനാഴി പണിഞ്ഞതുമെല്ലാം ഇതേ ലക്ഷ്യത്തിനായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍, പ്രാദേശിക-ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ഉത്തര്‍പ്രദേശ് പിടിക്കാമെന്നാണ് അഖിലേഷ് കണക്കു കൂട്ടുന്നത്. അഖിലേഷിനൊപ്പം അമ്മാവന്‍ ശിവപാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി (ലോഹ്യ)യും ജയന്ത് ചൗധരി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ലോക് ദളും സഖ്യത്തിലുണ്ട്.
ഉത്തര്‍പ്രദേശിലെ 403 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടമായാണ് നടക്കുന്നത്. അഖിലേഷ് യാദവ് മത്സരിക്കുന്ന കര്‍ഹാല്‍ മണ്ഡലത്തില്‍ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നും യോഗി മത്സരിക്കുന്ന ഗൊരഖ്പൂരില്‍ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
Content Highlight: Previous UP governments were not concerned with people’s needs: PM Modi