ബലി തര്‍പ്പണ പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കി; ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നതെന്ന് പി.ജയരാജന്‍
Kerala News
ബലി തര്‍പ്പണ പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കി; ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നതെന്ന് പി.ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd August 2022, 11:37 pm

കണ്ണൂര്‍: കര്‍ക്കടക വാവ് ബലിക്ക് സന്നദ്ധ സംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്ന് പറഞ്ഞുകൊണ്ട് താന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന പാര്‍ട്ടി വിമര്‍ശനം അംഗീകരിക്കുന്നുവെന്ന് സി.പി.ഐ.എം നേതാവ് പി.ജയരാജന്‍.

ഫേസ്ബുക്ക് കുറിപ്പില്‍ പിതൃ തര്‍പ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചു, പാര്‍ട്ടിയും ശ്രദ്ധയില്‍ പെടുത്തി. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നതെന്നും ജയരാജന്‍ പറഞ്ഞു.

നാലു വര്‍ഷമായി കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആര്‍.പി.സി.യുടെ ഹെല്‍പ് ഡെസ്‌ക് പിതൃ തര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് സേവനം നല്‍കി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിര്‍വ്വഹിച്ചു. ഇത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ക്കടക വാവ് ബലിക്ക് സന്നദ്ധ സംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്നാണ് പി.ജയരാജന്‍ ഫേസ്ബുക്കിലൂടെ കര്‍ക്കടക വാവു ബലിയുടെ തലേദിവസം പങ്കുവെച്ചത്. ഇത്തരം ഇടങ്ങള്‍ ഭീകര മുഖങ്ങള്‍ മറച്ച് വെക്കാന്‍ സേവനത്തിന്റെ മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക് പേജിലെ കുറിപ്പില്‍ പിതൃ തര്‍പ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്.

ആ ഭാഗം അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചു, പാര്‍ട്ടിയും ശ്രദ്ധയില്‍ പെടുത്തി. അത് ഞാന്‍ ഉദ്ദേശിച്ചതായിരുന്നില്ല. എന്നാല്‍ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു.

വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്.

എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണമെന്ന എന്റെ അഭിപ്രായമാണ് ആ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

നാലു വര്‍ഷമായി കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആര്‍.പി.സി.യുടെ ഹെല്‍പ് ഡെസ്‌ക് പിതൃ തര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് സേവനം നല്‍കി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിര്‍വ്വഹിച്ചു. ഇത്തരം ഇടപെടലുകള്‍ ആവശ്യമാണ്.

Content Highlight: previous post about bali tharpana was misrepresented P Jayarajan