| Saturday, 3rd December 2022, 8:57 am

പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍ സൗത്ത് കൊറിയ; ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചതെന്ത്?

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളോടെ 2022 ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ചിത്രം വ്യക്തമായിരിക്കുകയാണ്. കിരീടസാധ്യത കല്‍പിച്ച പല വമ്പന്‍മാരും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ വേള്‍ഡ് കപ്പ് സര്‍പ്രൈസുകളായി ലോകകപ്പിന്റെ നോക്ക് ഔട്ട് ഘട്ടത്തിലേക്ക് പല ടീമുകള്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

യൂറോപ്യന്‍ ചാമ്പ്യന്‍മാരെ അട്ടിമറിച്ചുകൊണ്ട് ഏഷ്യന്‍ ശക്തികളും ആഫ്രിക്കന്‍ കരുത്തരും വരവറിയിച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.

കഴിഞ്ഞ ദിവസം ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ചതോടെയാണ് സൗത്ത് കൊറിയ നോക്ക് ഔട്ടിന് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു കൊറിയയുടെ വിജയം.

പോര്‍ച്ചുഗലിന്റെ പരാജയത്തിന് പിന്നാലെ ഉറുഗ്വായുടെ ലോകകപ്പ് മോഹങ്ങളും അവസാനിച്ചിരുന്നു. ഒരോന്നുവീതം വിജയവും സമനിലയും തോല്‍വിയുമായി ഇരുടീമുകള്‍ക്കും നാല് പോയിന്റ് വീതമായിരുന്നെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ സൗത്ത് കൊറിയ മുന്നേറുകയായിരുന്നു. ഇതോടെയാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ ലോകകപ്പിനോട് ഗുഡ് ബൈ പറഞ്ഞത്.

ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വേയെ മറികടന്നാണ് സൗത്ത് കൊറിയ റൗണ്ട് ഓഫ് സിക്‌സറ്റീന് യോഗ്യത നേടിയതെങ്കിലും മറ്റൊരു ലാറ്റിനമേരിക്കന്‍ ടൈറ്റനുകളെ തന്നെയാണ് ടീമിന് നേരിടാനുള്ളത്. ഗ്രൂപ്പ് ജി ചാമ്പ്യന്‍മാരായ ബ്രസീലാണ് കൊറിയയുടെ എതിരാളികള്‍.

ഇരുവരും തമ്മിലുള്ള ചരിത്രം പരിശോധിക്കുകയാണെങ്കില്‍ നേട്ടം കാനറികള്‍ക്കൊപ്പമാണ് നിന്നിട്ടുള്ളത്. 2022 ലോകകപ്പിലെ സ്‌ക്വാഡ് ഡെപ്തിലും മുമ്പന്‍മാര്‍ ബ്രസീല്‍ തന്നെ.

2014 ലോകകപ്പിന് ശേഷം രണ്ട് തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. ഈ രണ്ട് തവണയും വിജയം ബ്രസീലിനൊപ്പം തന്നെയായിരുന്നു.

2019 നവംബര്‍ 19നാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. അബുദാബിയിലെ മുഹമ്മദ് ബിന്‍ സയ്യദ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്രസീല്‍ സൗത്ത് കൊറിയയെ തോല്‍പിച്ചത്.

ലൂക്കാസ് പക്വേറ്റ, ഫിലിപ് കുട്ടീന്യോ, ഡാനിലോ എന്നിവരായിരുന്നു അന്ന് ബ്രസീലിനായി ഗോള്‍ കണ്ടെത്തിയത്.

ശേഷം 2022 ജൂണിലാണ് ഇരുടീമുകളും ഒന്നിച്ച് ഗ്രൗണ്ടിലെത്തിയത്. ജൂണ്‍ രണ്ടിന് സിയോള്‍ വേള്‍ഡ് കപ്പ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കാനറികള്‍ ഏഷ്യന്‍ ടീമിനെ നിഷ്പ്രഭമാക്കിയത്.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ തന്നെ ബ്രസീല്‍ ഗോളടിച്ചുതുടങ്ങിയിരുന്നു. റിച്ചാര്‍ലിസണായിരുന്നു ബ്രസീലിനായി ഗോള്‍ കണ്ടെത്തിയത്. നെയ്മര്‍ ഇരട്ട ഗോള്‍ കണ്ടെത്തിയപ്പോള്‍ കുട്ടിന്യോയും ജീസസും ഓരോ ഗോള്‍ വീതം നേടി പട്ടിക പൂര്‍ത്തിയാക്കി.

ഹ്വാങ് ഉയ്-ജോയായിരുന്നു കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്.

കടലാസിലും കണക്കിലും കരുത്തര്‍ ബ്രസീല്‍ തന്നെയാണെങ്കിലും അട്ടിമറികള്‍ സ്ഥിരം കാഴ്ചയായ 2022 ലോകകപ്പില്‍ മറ്റൊരു അട്ടിമറി വിജയം സംഭവിക്കുമോ, ഏഷ്യന്‍ ഫുട്‌ബോള്‍ കരുത്ത് ഒരിക്കല്‍ക്കൂടി ലോകം കാണുമോ അതോ കാനറികള്‍ ഗോളടിച്ചുകൂട്ടുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: Previous encounters between Brazil and South Korea

We use cookies to give you the best possible experience. Learn more