ഓറഞ്ച് പടയ്‌ക്കെതിരെ അവസാനം കൊരുത്തപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് ആയവനാണ്; 2022 ആവര്‍ത്തിക്കാന്‍ സഞ്ജു
IPL
ഓറഞ്ച് പടയ്‌ക്കെതിരെ അവസാനം കൊരുത്തപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് ആയവനാണ്; 2022 ആവര്‍ത്തിക്കാന്‍ സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd April 2023, 2:49 pm

ഐ.പി.എല്ലിന്റെ 16ാം എഡിഷനിലെ ആദ്യ മത്സരം കളിക്കാനിറങ്ങുകയാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണില്‍ കൈവിട്ടുകളഞ്ഞ കിരീടം തിരിച്ചുപിടിക്കാന്‍ തന്നെയാണ് സഞ്ജുവും കൂട്ടരും ഒരുങ്ങുന്നതെന്ന് വ്യക്തമാണ്.

മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് രാജസ്ഥാന് തങ്ങളുടെ ആദ്യ മത്സരത്തില്‍ നേരിടാനുള്ളത്. ഹൈദരാബാദിന്റെ ഹോം സ്‌റ്റേഡിയമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് പോരാട്ടത്തിന് വേദിയാകുന്നത്.

കഴിഞ്ഞ സീസണില്‍ രാജസ്ഥാനും സണ്‍റൈസേഴ്‌സും ഏറ്റുമുട്ടിയപ്പോള്‍ വമ്പന്‍ വിജയമായിരുന്നു റോയല്‍സ് കൈപ്പിടിയിലൊതുക്കിയത്. ക്യാപ്റ്റന്റെ റോളിലും ബാറ്ററുടെ റോളിലും സഞ്ജു സാംസണ്‍ തിളങ്ങിയപ്പോള്‍ വിജയം റോയല്‍സിനൊപ്പം നിന്നു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമടക്കം കൈപ്പിടിയിലാക്കിയായിരുന്നു സഞ്ജു തരംഗമായത്.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് റോയല്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ജെയ്‌സ്വാളും ബട്‌ലറും ചേര്‍ന്ന് മികച്ച തുടക്കമായിരുന്നു പിങ്ക് പടക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജെയ്‌സ്വാള്‍ മടങ്ങി. സഞ്ജുവായിരുന്നു വണ്‍ ഡൗണായിറങ്ങിയത്. 75 റണ്‍സില്‍ ബട്‌ലറെയും പുറത്താക്കിയ സണ്‍റൈസേഴ്‌സ് അല്‍പം ആശ്വസിച്ചെങ്കിലും വരാന്‍ പോകുന്ന കൊടുങ്കാറ്റിനെ കുറിച്ച് അവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല.

നാലാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് സഞ്ജു സാംസണ്‍ ഹൈദരാബാദിന് മേല്‍ കാട്ടുതീയായി പടരുകയായിരുന്നു. ഒരു വശത്ത് നിന്നും സഞ്ജു ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോള്‍ മറുവശത്തുണ്ടായിരുന്ന പടിക്കലും മോശമാക്കിയില്ല. ടീം സ്‌കോര്‍ 148ല്‍ നില്‍ക്കവെ 29 പന്തില്‍ നിന്നും 41 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കല്‍ മടങ്ങി.

 

 

വെസ്റ്റ് ഇന്‍ഡീസ് കരുത്തന്‍ ഹെറ്റ്‌മെയറിനൊപ്പമായിരുന്നു ശേഷം സഞ്ജു സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒടുവില്‍ 163ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി സഞ്ജു പുറത്തായി. 27 പന്തില്‍ നിന്നും 55 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

13 പന്തില്‍ നിന്നും 32 റണ്ണടിച്ച ഹെറ്റ്‌മെയറും ആളിക്കത്തിയപ്പോള്‍ റോയല്‍സ് സ്‌കോര്‍ 210ലേക്കുയര്‍ന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം പരിതാപകരമായിരുന്നു. ടീം സ്‌കോര്‍ പത്ത് കടക്കും മുമ്പ് തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടാണ് റോയല്‍സ് റോയലായി തുടങ്ങിയത്.

29ന് നാല് എന്ന നിലയില്‍ പരുങ്ങിയ സണ്‍റൈസേഴ്‌സിനെ ചെറുത്തുനിര്‍ത്തിയത് ഏയ്ഡന്‍ മര്‍ക്രമിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും പ്രകടനമാണ്. 41 പന്തില്‍ നിന്നും 57 റണ്‍സുമായി മര്‍ക്രവും 14 പന്തില്‍ നിന്നും 40 റണ്‍സുമായി വാഷിങ്ടണും തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും റോയല്‍സ് ബൗളര്‍മാര്‍ അതിന് തടയിട്ടു.

ഒടുവില്‍ നിശ്ചിത ഓവറില്‍ 149 റണ്‍സിന് ഏഴ് എന്ന നിലയില്‍ സണ്‍റൈസേഴ്‌സ് പോരാട്ടം അവസാനിപ്പിച്ചപ്പോള്‍ സഞ്ജുവും കൂട്ടരും 61 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം ആഘോഷിച്ചു. സഞ്ജുവായിരുന്നു കളിയിലെ താരം.

ഐ.പി.എല്ലിന്റെ പുതിയ സീസണിലും കഴിഞ്ഞ സീസണിലേതിന് സമാനമായി സണ്‍റൈസേഴ്‌സ് തന്നെയാണ് രാജസ്ഥാന്റെ എതിരാളികള്‍. വിജയത്തോടെ ക്യാമ്പെയ്ന്‍ തുടങ്ങാന്‍ ഇരുടീമും മത്സരിക്കുമ്പോള്‍ ഹൈദരാബാദില്‍ തീ പാറും എന്നുറപ്പാണ്.

 

Content Highlight: Previous encounter between Rajasthan Royals and Sunrisers Hyderabad