2022 ഖത്തര്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഡിസംബര്‍ പത്തിന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സിനെയാണ് നേരിടുന്നത്.
പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്യൂട്ടി ഓഫ് ഫുട്‌ബോള്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന പ്രകടനമായിരുന്നു ഇരുടീമുകളും പുറത്തെടുത്തത്. ഓസ്‌ട്രേലിയയെ തോല്‍പിച്ച് മെസിപ്പടയും യു.എസ്.എയെ തോല്‍പിച്ച് നെതര്‍ലന്‍ഡ്‌സും മുന്നോട്ട് കുതിച്ചപ്പോള്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലിനെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.
ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ വിജയം. മെസിയും ജൂലിയോ അല്‍വാരസുമായിരുന്നു അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.
ഒരു ഗോള്‍ വഴങ്ങി മൂന്നെണ്ണം തിരിച്ചടിച്ചാണ് നെതര്‍ലന്‍ഡ്‌സ് വിജയം സ്വന്തമാക്കിയത്. മെംഫിസ് ഡീപേ, ഡേലി ബ്ലൈന്‍ഡ്, ഡെന്‍സല്‍ ഡംഫ്രിസ് എന്നിവരാണ് ഓറഞ്ച് ആര്‍മിക്കായി സ്‌കോര്‍ ചെയ്തത്. 76ാം മിനിട്ടില്‍ ഹാജി റൈറ്റായിരുന്നു യു.എസ്.എയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
2014 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം പിന്നീടിതുവരെ അര്‍ജന്റീനയും ഹോളണ്ടും പരസ്പരം കൊമ്പുകോര്‍ത്തിട്ടില്ല. അന്ന് ഏറ്റുമുട്ടിയതാകട്ടെ ലോകകപ്പിന്റെ സെമി ഫൈനലിലും.
2010ല്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെടുത്തിയതിന്റെ കണക്ക് തീര്‍ക്കാന്‍ ഒരുങ്ങിയെത്തിയ ഹോളണ്ടിന് മുമ്പില്‍ പ്രതിബന്ധമായി നിന്നത് അര്‍ജന്റീനയായിരുന്നു.
ഇരുടീമുകളും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറിയ 2014 സെമി ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു.
തുടര്‍ന്നാണ് ഹോളണ്ടിനെ കരയിച്ച ഷൂട്ടൗട്ടിലേക്ക് മത്സരം ചെന്നെത്തിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളടിച്ചായിരുന്നു അര്‍ജന്റീന ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
ഹോളണ്ടിനായി ആദ്യ കിക്കെടുത്ത റോണ്‍ വലാറിന് പിഴച്ചപ്പോള്‍ പിഴവേതും കൂടാതെ മെസി ആദ്യ കിക്ക് വലയിലെത്തിച്ചു. സ്‌കോര്‍ (0-1).
ഹോളണ്ടിനായി രണ്ടാം കിക്കെടുത്ത ആര്യന്‍ റോബന്‍ അര്‍ജന്റൈന്‍ ഗോള്‍ കീപ്പറെ മറികടന്ന് പന്ത് വലയിലെത്തിച്ച് ടീമിനെ ഒപ്പമെത്തിച്ചപ്പോള്‍ ഗാരേ അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. സ്‌കോര്‍ (1-2).
നെതര്‍ലന്‍ഡ്‌സിനായി മൂന്നാം കിക്കെടുത്ത വെസ്‌ലി സ്‌നൈഡറിനും പിഴച്ചപ്പോള്‍ അഗ്യൂറോയുടെ സൂപ്പര്‍ ഷോട്ട് ഹോളണ്ട് ഗോള്‍കീപ്പറെ മറികടന്ന വലയിലെത്തി. (സ്‌കോര്‍ 1-3).
ഹോളണ്ടിനായി നാലാം ഷോട്ടെടുത്ത ഡിര്‍ക് കൗട്ട് സ്‌കോര്‍ ചെയ്‌തെങ്കിലും മാക്‌സി റോഡ്രിഗസ് അര്‍ജന്റീനക്കായി വലകുലുക്കിയതോടെ അഞ്ചാം കിക്കിന് കാത്തുനില്‍ക്കാതെ മെസിയും സംഘവും ഫൈനലിലേക്ക് കുതിക്കുകയായിരുന്നു. (ഫൈനല്‍ സ്‌കോര്‍ 2-4).
ഇതിന് ശേഷം 2022 ഖത്തറിലെ ക്വാര്‍ട്ടറിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്. 2014ന്റെ കണക്ക് തീര്‍ക്കാന്‍ ഹോളണ്ടും മെസിക്കായി കൈമെയ് മറന്ന് കളിക്കുന്ന അര്‍ജന്റീനയും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഫലം അപ്രവചനീയമാകും.
Content Highlight: Previous encounter between Netherlands and Argentina