| Wednesday, 6th January 2021, 5:56 pm

കോഴിമുട്ട കഴിച്ചാല്‍ പക്ഷിപ്പനി പടരുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതിയ വെല്ലുവിളിയുമായി പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. കേരളത്തിന് പുറമെ മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ താറാവുകളിലാണ് രോഗം കണ്ടെത്തിയത്. രോഗംസ്ഥിരീകരിച്ചതോടെ ഇതേപ്പറ്റിയുള്ള സംശയങ്ങളും ജനങ്ങള്‍ക്കിടയില്‍ കൂടിവരികയാണ്. മനുഷ്യരിലേക്ക് പകരുമോ, ഈ സമയത്ത് കോഴിമുട്ട, ഇറച്ചി എന്നിവ കഴിക്കാമോ തുടങ്ങിയ നിരവധി സംശയങ്ങളാണ് ഉയരുന്നത്.

എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ രോഗപ്രതിരോധം സാധ്യമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ട്. പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ബേഡ് ഫ്ളൂ. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസാണ് ഈ രോഗത്തിന് കാരണം.

ഒരു പക്ഷിയില്‍ നിന്ന് മറ്റൊരു പക്ഷിയിലേയ്ക്കും മൃഗങ്ങളിലേയ്ക്കും പടരാന്‍ സാധ്യതയുള്ള രോഗമാണിത്. മറ്റ് പക്ഷികളിലേക്ക് വേഗം പടരുന്നതിനാലാണ് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്.

പക്ഷിപ്പനി പടര്‍ത്തുന്ന വൈറസ് മനുഷ്യരിലേക്ക് അപൂര്‍വ്വമായാണ് പടരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2003 മുതല്‍ 2019 വരെ ലോകത്ത് പക്ഷിപ്പനി വൈറസ് മനുഷ്യരിലേക്ക് ബാധിച്ച 861 കേസുകള്‍ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 455 പേര്‍ മരണപ്പെട്ടിട്ടുണ്ട്.

പനി, തൊണ്ടവേദന, തലവേദന ശ്വാസംമുട്ടല്‍ എന്നിവയാണ് പക്ഷിപ്പനി മനുഷ്യരില്‍ ബാധിച്ചാലുണ്ടാകുന്ന പ്രധാനലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

എന്നാല്‍ കേരളത്തില്‍ കണ്ടെത്തിയ പക്ഷിപ്പനി പകര്‍ത്തുന്നത് എച്ച്5 എന്‍8 വിഭാഗത്തില്‍പ്പെട്ട വൈറസാണ്. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൂടിയ താപനിലയില്‍ പക്ഷിപ്പനിയ്ക്ക് കാരണമാകുന്ന വൈറസുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. അതിനാല്‍ കോഴിയിറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് കഴിക്കുന്നതില്‍ ആരോഗ്യത്തിന് ഭീഷണിയൊന്നുമില്ല. എന്നാല്‍ ശുചിത്വം പാലിച്ച് മാത്രമെ മാംസങ്ങളും മറ്റും കൈകാര്യം ചെയ്യാന്‍ പാടുള്ളു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: All About Bird Flu

We use cookies to give you the best possible experience. Learn more