| Tuesday, 12th October 2021, 10:54 pm

അഫ്ഗാനിസ്ഥാന്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമാകുന്നത് തടയും: നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഫ്ഗാന്‍ പ്രദേശം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജി-20 സമ്മേളനത്തില്‍ വെച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യയോട് വലിയ സൗഹൃദമാണ് ഉള്ളതെന്നും പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്ഗാന്‍ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാന് അടിയന്തിരമായി മാനുഷിക സഹായം ലഭിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ സുപ്രധാന പങ്കിന് മോദി പിന്തുണ അറിയിച്ചു.

അതേസമയം, അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്.

തീര്‍ത്തും സ്ത്രീവിരുദ്ധ നിലപാടാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിയിരുന്നു. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്. താലിബാന്‍ അധികാരസ്ഥാനങ്ങളെല്ലാം കയ്യടിക്കയതിന് പിന്നാലെ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും മന്ത്രിസഭയിലെ മറ്റു അംഗങ്ങളുമെല്ലാം രാജ്യത്ത് നിന്ന് പലായനം ചെയ്തിരുന്നു.

താലിബാന്‍ ഭരണത്തിന്റെ കീഴില്‍ സ്ത്രീകളും മറ്റു ന്യൂനപക്ഷങ്ങളും കടുത്ത അടിച്ചമര്‍ത്തിലിന് വിധേയമാക്കപ്പെടുമെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ അധികാരത്തിലെത്തിയിരുന്ന സമയത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിക്ക് പോകലും താലിബാന്‍ പൂര്‍ണമായും നിരോധിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Prevent Afghanistan From Becoming Source Of Terrorism: PM Modi At G20 Summit

We use cookies to give you the best possible experience. Learn more