സഹോദരി നല്‍കിയ ലൈംഗികോപദ്രവക്കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം; മധ്യപ്രദേശില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു
national news
സഹോദരി നല്‍കിയ ലൈംഗികോപദ്രവക്കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം; മധ്യപ്രദേശില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th August 2023, 11:21 am

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു. 2019ല്‍ യുവാവിന്റെ സഹോദരി നല്‍കിയ ലൈംഗികോപദ്രവ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് പ്രതികള്‍ യുവാവിനെ കൊന്നത്. പിന്നാലെ പ്രതികള്‍ അമ്മയെ വിവസ്ത്രയാക്കിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

18 വയസായ യുവാവിനെ പ്രതികള്‍ വടി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നാലെ വീടിന്റെ ഭാഗങ്ങളും തല്ലിതകര്‍ത്തു. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും സാഗര്‍ എ.എസ്.പി ലോകേഷ് കുമാര്‍ പറഞ്ഞു.

‘പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ചില പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. നിലവില്‍ ആറ് പേരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതികളില്‍ ചിലര്‍ക്കെതിരെ യുവാവിന്റെ സഹോദരി 2019ല്‍ ലൈംഗികാതിക്രമ കേസ് കൊടുത്തിരുന്നു. വ്യാഴാഴ്ച ഈ കേസ് പിന്‍വലിക്കണമെന്ന് സഹോദരിയെയും മാതാവിനെയും പ്രതികള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ അവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയ പ്രതികള്‍ ബസ് സ്റ്റാന്റില്‍ വെച്ച് യുവാവിനെ കാണുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ യുവാവിനെ വടിയെടുത്ത് അടിക്കാന്‍ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

അമ്മയും സഹോദരിയും തടയാന്‍ പോയിട്ടും അവര്‍ അക്രമിക്കുന്നത് തുടരുകയായിരുന്നുവെന്ന് കുടുംബവും പറയുന്നു.

‘അക്രമകാരികള്‍ സഹോദരനോട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവന്‍ അതിന് തയ്യാറായില്ല. പിന്നാലെ അവര്‍ അവനെ മരിക്കുന്നത് വരെ തല്ലുകയായിരുന്നു. ഉന്നത ജാതിയില്‍പ്പെട്ട പ്രതികള്‍ എന്റെ സഹോദരിയെ ലൈംഗികമായി അക്രമിച്ചിരുന്നു. ഗ്രാമമുഖ്യന്റെ വീട്ടില്‍ നിന്ന് വരുന്നവരാണവര്‍,’ യുവാവിന്റെ സഹോദരന്‍ പറഞ്ഞു.

അതേസമയം സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് പറഞ്ഞു.

‘നീതിക്ക് വേണ്ടി നാം പോരാടണം. ഈ ദാരുണ സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ സൃഷ്ടിച്ച ഭയത്തിന്റെയും ഭീഷണിയുമാണ് ഇവിടെ നിലനില്‍ക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

യുവാവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ബി.ജെ.പി പറഞ്ഞു.

content highlights: Pressured to show sexual harassment case filed by sister; Dalit youth beaten to death in Madhya Pradesh