| Saturday, 4th May 2019, 11:13 pm

'മുഖമില്ലാത്ത സ്ത്രീകളെ സൃഷ്ടിക്കാനാണ് ശ്രമം': നിഖാബ് വിവാദത്തിൽ വി.പി. സുഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്ത്രീകൾ നിഖാബ് ധരിക്കണമെന്നു വാദിക്കുന്നവർ മുഖമില്ലാത്ത സ്ത്രീകളെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകയും ‘നിസ’ സംഘടനാ ഭാരവാഹിയുമായ വി.പി. സുഹ്‌റ. ഇസ്‌ലാമിൽ മുഖവും കയ്യും മറയ്‌ക്കേണ്ടതില്ലെന്ന് പറയുന്നുണ്ടെന്നും സുഹ്‌റ വ്യക്തമാക്കി. സിനിമകളിൽ ഒക്കെ കാണും പോലെ ഖബറിൽ നിന്നും എഴുന്നേറ്റു വരുന്ന പ്രേതങ്ങളെയാണ് ഇത്തരത്തിൽ മുഖം മറയ്ക്കുന്നവർ ഓർമിപ്പിക്കുന്നതെന്നും സുഹ്‌റ പറഞ്ഞു.

സമുദായത്തിൽ നിന്നും ആഗ്രഹിക്കുന്ന നന്മ ആചാരങ്ങൾ കാരണം ലഭിക്കാതെ പോകുന്നുവെന്നും സുഹ്‌റ കുറ്റപ്പെടുത്തി. മുഖമില്ലാതെ ജീവിക്കുന്നതിൽ അർത്ഥമില്ലെന്നും അവർ കൂട്ടിച്ചേർത്തു. നിഖാബ് വിഷയത്തിൽ ഡൂൾന്യൂസിനോട് സംസാരിക്കുകയായിരുന്നു വി.പി. സുഹ്‌റ.

‘എല്ലാ വിഷയങ്ങളിലേക്കും മതം വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. എല്ലാം മതവൽക്കാരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സ്ത്രീകളുടെ കാര്യത്തിൽ അത് പറയേണ്ട കാര്യമേ ഇല്ല.എന്റെ ചെറുപ്പകാലത്ത് പർദ്ദയോ നിഖാബോ ആരും ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഉമ്മയും വീട്ടിലെ ബാക്കി വീട്ടിലുള്ള സ്ത്രകളെല്ലാം തന്നെ മതവിശ്വാസികൾ തന്നെയായിരുന്നു. എന്നിട്ടും അവർ അത് ചെയ്തിട്ടില്ല. സൗദി അറബിയയിൽ നിഖാബ് ധരിക്കുന്നത് കണ്ടിട്ടുണ്ട്.’ സുഹ്‌റ വ്യക്തമാക്കി.

‘അതവരുടെ വിശ്വാസത്തിന്റെ പ്രത്യേകതകൾ കൊണ്ടോ അവിടത്തെ കാലാവസ്ഥ മൂലമോ ആണ്. അവിടെ ഹിന്ദുക്കളും മുസ്ളീമുകളും എല്ലാവരും തന്നെ പർദ്ദ ധരിക്കേണ്ടതാണ്. പക്ഷേ അപ്പോൾ പോലും അവർ മുഖം മറയ്ക്കാറില്ല. ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകൾ വനന്നതിന് ശേഷമാണ് ഇവിടെ ഇത് വ്യാപകമാകുന്നത്. മദ്രസകളിൽ ഒക്കെ ചെറിയ കുട്ടികളെ, കാര്യവിവരം ഉണ്ടാകും മുൻപ് തന്നെ പർദ്ദ ധരിപ്പിക്കാറുണ്ട്.’ സുഹ്‌റ ഡൂൾന്യൂസിനോടു പറഞ്ഞു.

പർദ്ദ ധരിക്കുന്നതിനു ഒരു രാഷ്ട്രീയമുണ്ടെന്നും അത് മതരാഷ്ട്രീയമാണെന്നും സുഹ്‌റ പറയുന്നു. പർദ്ദയും നിഖാബും അടിച്ചേൽപ്പിക്കുന്നത് ബാലാവകാശ ലംഘനമാണെന്നും അത് അവരുടെ വ്യക്തിത്വമാണ് ഈ വിധത്തിൽ ഹനിക്കുന്നതെന്നും അവർ പറഞ്ഞു. ‘അങ്ങനെയാണ് അവർ പർദ്ദയിലേക് ആകൃഷ്ടരാകുന്നത്. എനിക്കുപോലും അങ്ങനെ ഒരു പ്രശ്നം ഉണ്ട്.’ വി.പി.സുഹ്‌റ പറയുന്നു.

മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന സംഘടനയാണ് ‘നിസ’.

We use cookies to give you the best possible experience. Learn more