കോഴിക്കോട്: A.M.M.A യില്‍ അംഗങ്ങളായ ഇടതുപക്ഷ ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള A.M.M.A യുടെ തീരുമാനത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ ശക്തമായി രംഗത്തെത്തിയ സാഹചര്യത്തില്‍ ഈ ജനപ്രതിനിധികള്‍ അമ്മയില്‍ തുടരുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊല്ലം എം.എല്‍.എ മുകേഷ്, പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍, ചാലക്കുടി എം.പി ഇന്നസെന്റ് എന്നിവര്‍ ഒന്നുകില്‍ അമ്മയില്‍ നിന്നും രാജിവെക്കുക, അല്ലെങ്കില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഇടതുപക്ഷ നേതാക്കളായ എം.എ ബേബി, കെ.കെ ശൈലജ, കാനം രാജേന്ദ്രന്‍, വി.എസ് അച്യുതാനന്ദന്‍, തോമസ് ഐസക് എന്നിവര്‍ A.M.M.Aയുടെ നടപടിയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. A.M.M.A യുടെ നടപടിയെ വിമര്‍ശിച്ച ഇവര്‍ അതിനെ ചോദ്യം ചെയ്തുകൊണ്ട് സംഘടനയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ നടി ആക്രമിക്കപ്പെട്ട കേസില്‍ ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിക്കൊപ്പമാണ് തങ്ങളെന്ന് എല്‍.ഡി.എഫിന്റെ ഭാഗമായ സി.പി.ഐ.എം നേരത്തെ ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ എം.എല്‍.എമാരുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ഇടതുപക്ഷ ജനപ്രതിനിധികള്‍ ഉറച്ച നിലപാട് എടുക്കേണ്ടതായിരുന്നുവെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ചൂണ്ടിക്കാട്ടിയിരുന്നു. A.M.M.Aയോടുള്ള നിലപാട് വ്യക്തമാക്കി ഇടതുനേതാക്കള്‍ ഫേസ്ബുക്കിലിട്ട കുറിപ്പിനു കീഴില്‍ നിരവധി പേരാണ് സമാനമായ ആവശ്യം ഉയര്‍ത്തി മുന്നോട്ടുവന്നിരിക്കുന്നത്.
“മമ്മൂട്ടി, ഇന്നസെന്റ്, മുകേഷ്, ലളിത, ഗണേഷ്- ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ നിലപാടുകളെന്തെന്നു പോലുമറിയാത്ത ഇത്തരം ആള്‍ക്കാരുടെ ഇടതു ലേബല്‍ എന്നും ഒരു ഭാരം ആയിരിക്കും. ഒന്നുകില്‍ ഇവര്‍ അമ്മ വിടണം, അല്ലെങ്കില്‍ LDF പുറത്താക്കണം, അവര്‍ക്ക് LDF നല്‍കിയ സ്ഥാനങ്ങളില്‍ നിന്ന്.” എന്നാണ് എം.എ ബേബിയുടെ പോസ്റ്റിനു കീഴില്‍ വന്ന ഒരു കമന്റ്.
“കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലിമെന്റിലേക്കും അസംബ്ലിയിലേക്കും മത്സരിപ്പിക്കുന്നവരില്‍ നിന്ന് മിനിമം ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അടിമുടി സ്ത്രീവിരുദ്ധമായ ബലാത്സംഗക്കേസിലെ പ്രതിയെ സംരക്ഷിക്കുന്ന സംഘടനയുടെ തലപ്പത്ത് അവരുണ്ടാകരുത്.” എന്നാണ് മറ്റൊരു പ്രതികരണം
“രണ്ട് ഇടത് എം.എല്‍.എമാരും ഒരു എം.പിയും സി.പി.ഐ.എം നിലപാടിനെ/ഇടത് പക്ഷ നിലപാടിനെ ബഹുമാനിക്കുന്നുണ്ടോ എന്നുള്ള കാര്യം വ്യക്തമാക്കണം. ചുരുങ്ങിയ പക്ഷം ചാലക്കുടി എം.പി ഇന്നസെന്റും കൊല്ലം എം.എല്‍.എ മുകേഷും. അവര്‍ക്ക് വോട്ട് ചെയ്ത ജനത്തിന്റെ അവകാശമാണത്.” എന്നാണ് കെ.കെ ശൈലജ ടീച്ചറുടെ പോസ്റ്റിനു കീഴില്‍ ഒരാള്‍ പ്രതികരിച്ചത്.
“പാര്‍ട്ടിയുടെ നിലപാടെന്ത്. പാര്‍ട്ടി എം.എല്‍.എ, എം.പിമാരോടു എന്ത് നിലപാടെടുക്കാന്‍ പറയും, അതു പറ.” അതുപറയെന്നാണ് തോമസ് ഐസക്കിന്റെ പോസ്റ്റിനു കീഴില്‍ ഉയര്‍ന്ന ചോദ്യം.
A.M.M.Aയിലുള്ള ജനപ്രതിനിധികളുടെ കാര്യത്തില്‍ എല്‍.ഡി.എഫ് നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇവര്‍ താരസംഘടനയില്‍ തുടരുന്നത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളുടെ കാര്യത്തില്‍ നയം വ്യക്തമാക്കാന്‍ എല്‍.ഡി.എഫിനുമേല്‍ സമ്മര്‍ദ്ദമേറിവരികയാണ്.