| Tuesday, 9th May 2023, 1:07 pm

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം, പ്രതീക്ഷിച്ചത്ര മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല: കെ സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രതീക്ഷിച്ചത്ര മുന്നോട്ട് പോകാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. വയനാട്ടില്‍ നടക്കുന്ന കെ.പി.സി.സി ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസിന്റെ കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റെടുത്തിട്ട് രണ്ടു വര്‍ഷമാകുന്നു. പ്രതീക്ഷിച്ചിടത്തൊന്നും എത്തിക്കാനായിട്ടില്ലെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്. എത്തിക്കാനാകാത്തത് എന്റെ കഴിവുകേടോ, ബോധപൂര്‍വ്വമായ  ഇടപെടല്‍ കൊണ്ടോ അല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ്.

ഞങ്ങളുടേത് പോരായ്മകളുള്ള പാര്‍ട്ടി തന്നെയാണ്. പോരായ്മകളെല്ലാം സാധാരണമാണ്. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ ആകാത്തത് വലിയ പ്രശ്‌നമാണ്. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ മുഖമല്ല ഈ കോണ്‍ഗ്രസിന് ഉണ്ടാകുക. മുഖം മാറുമായിരുന്നു.

പുനഃസംഘടന സാധ്യമാക്കാന്‍ സാധിക്കാത്തത് കൊണ്ട് സംഘടനയുടെ അടിത്തട്ടിലെ ദൗര്‍ബല്യം പരിഹരിക്കാന്‍ നമ്മള്‍ കണ്ടെത്തിയ സി.ഒ.സി പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചില്ല. അത് പലയിടത്തും നിന്നു പോയി. സി.ഒ.സി ഉണ്ടാക്കിയെടുത്തിടത്തൊക്കെ അതിന്റെ റിസള്‍ട്ട് പാര്‍ട്ടിക്ക് വളരെ ഗുണകരമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്,’ സുധാകരന്‍ പറഞ്ഞു.

അതേസമയം, സമരവും വാര്‍ത്താസമ്മേളനവും കൊണ്ട് അധികാരത്തില്‍ എത്താനാകില്ലെന്നും അങ്ങനെയെങ്കില്‍ ചെന്നിത്തലയുടെ പ്രവര്‍ത്തനം വിജയിച്ചേനെയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. വയനാട്ടില്‍ നടക്കുന്ന കെ.പി.സി.സി ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തല മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചതെന്നും അധികാരത്തിലെത്താന്‍ ഒത്തൊരുമിച്ചുള്ള ഒരു രസതന്ത്രമാണ് വേണ്ടതെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ചൂണ്ടിക്കാട്ടി.

content highlights: KPCC President not able to progress as expected
We use cookies to give you the best possible experience. Learn more