| Friday, 27th March 2020, 6:42 pm

ഇടുക്കിയിലെ രോഗം സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ചത് കേരളമൊട്ടാകെ; നിയമസഭയും സെക്രട്ടേറിയറ്റും സന്ദര്‍ശിച്ചു; പോയ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കഴിഞ്ഞ ദിവസം ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകന്റെ യാത്രാ പാതയുടെയും സമ്പര്‍ക്കത്തിന്റെയും സ്ഥിതി അമ്പരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, പെരുമ്പാവൂര്‍, പാലക്കാട്ടെ ഷോളയൂര്‍, മൂവാറ്റുപുഴ, മൂന്നാര്‍ തുടങ്ങി രോഗി യാത്ര ചെയ്ത പട്ടിക നീളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളെജുകള്‍, സ്‌കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍, സെക്രട്ടേറിയറ്റ്, നിയമ സഭ മന്ദിരം തുടങ്ങിയ ഇടങ്ങളിലും ഇദ്ദേഹം സന്ദര്‍ശനം നടത്തിയെന്നും പറഞ്ഞു. ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളില്‍ ഭരണാധികാരികളും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സമൂഹ വിവിധ തട്ടുകളിലുള്ളവരുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗി സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം ചിത്രങ്ങളെടുക്കുകയും സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട ഈ ഘട്ടത്തില്‍ ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്നും ഉണ്ടാവേണ്ട സമീപനം ഇതാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത് നമുക്കോരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും മുഖ്യമന്ത്രി.

കൊറോണ വൈറസ് ഏറെ അകലെയല്ലെന്നും അത് ബാധിക്കാതിരിക്കാന്‍ നാമോരുത്തരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 164 പേരാണ് കേരളത്തില്‍ ആകെ കൊവിഡ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരില്‍ 34 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 2 പേര്‍ കണ്ണൂര്‍ ജില്ലയിലും, തൃശ്ശൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ആകെ 110299 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 109683 പേര്‍ വീടുകളില്‍ കഴിയുകയാണ്. 616 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. 112 പേരെ ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു.

5679 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4448 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതോടെ നിലവില്‍ ഉള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണ്ടേി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് സ്ഥിതിയും നേരിടാന്‍ നമ്മള്‍ തയ്യാറാകണം. പോസിറ്റീവ് വരുന്നവര്‍ ഏല്ലാവരും ആശുപത്രിയില്‍ പോകുകയല്ല. നിരീക്ഷണത്തില്‍ വെയ്ക്കുകയും അവിടെ നിന്ന് സാമ്പിളുകള്‍ അയക്കുകയാണ് ചെയ്യുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുതായി വന്ന രോഗികള്‍ പലരും നിരവധി ആളുകളെ ബന്ധപ്പെടുകയും വിവിധ സ്ഥലങ്ങളില്‍ പോകകുയം ചെയ്തതായി കണ്ടെത്താന്‍ കഴിയുന്നുണ്ട്. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തണ്ടതല്ലെ എന്നാണ് കരുതുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more