തിരുവനന്തപുരം: മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ.പി.സി.സിയുടെ നേതൃത്വത്തില്‍ എല്ലാ മതനേതാക്കളുടെയും സംയുക്ത യോഗം വിളിക്കുമെന്നും സമൂഹത്തില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇടപെട്ടതെന്നും കെ. സുധാകരന്‍ പറഞ്ഞു. ചര്‍ച്ചകള്‍ വേണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ പല തവണ കത്തയച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
മന്ത്രി ബിഷപ്പിനെ മാത്രമാണ് കാണാന്‍ തയ്യാറായതെന്നും എല്ലാ മതനേതാക്കളുമായും ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മന്ത്രി വാസവന്റേത് നിരുത്തരവാദിത്തപരമായ സമീപനമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും, സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‌ന പരിഹാരത്തിന് ഇടപെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നവമാധ്യമങ്ങളിലൂടെയുള്ള വര്‍ഗീയപ്രചാരണം തടയാന്‍ യാതൊരു വിധത്തിലുള്ള ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല എന്നും നമോ ടി.വി എന്ന ചാനല്‍ നിരന്തരമായി വര്‍ഗീയത പ്രചരിപ്പിക്കുന്നു എന്ന കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാവുന്നില്ലെന്നും വി. ഡി. സതീശന്‍ കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ ഒരു നിലപാടില്ലെന്നും, നിലപാടില്ലായ്മയാണ് സര്‍ക്കാരിന്റെ നിലപാടെന്നും സതീശന്‍ പറഞ്ഞു.
കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു. ബിളപ്പിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ വി. ഡി. സതീശന്‍ രംഗത്തു വന്നിരുന്നു. കേരളത്തിന്റെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നായിരുന്നു സതീശന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: press meet VD satheesan K Sudakaran