കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' മോഷണമാണെന്ന് ആരോപണം
Daily News
കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' മോഷണമാണെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th October 2014, 12:53 pm

arachar[] കൊച്ചി: വയലാര്‍ അവാര്‍ഡ് ജേതാവ് കെ.ആര്‍. മീരയുടെ നോവല്‍ “ആരാച്ചാര്‍” മൗലികമല്ലെന്നും മോഷണമാണെന്നും ആരോപിച്ച് വാര്‍ത്ത സമ്മേളനം. പി.എം. ഷുക്കൂര്‍, കെ.എന്‍ ഷാജി എന്നിവരാണ് നോവലിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

നോവലിലെ പല ഭാഗങ്ങളും വിവിധ കഥകളില്‍ നിന്നും നോവലുകളില്‍ നിന്നും മോഷ്ടിച്ചതാണെന്നും ആരാച്ചാര്‍ ഒരു അവാര്‍ഡിനും അര്‍ഹമല്ലെന്നും ആരാച്ചാര്‍ ഒരു മൗലിക കൃതിയായി അംഗീകരിക്കാനാവില്ലെന്നും അവര്‍  വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ജോഷി ജോസഫിന്റെ “ആരാച്ചാരുടെ ജീവിതത്തില്‍ നിന്നുള്ള ഒരു ദിവസം” എന്ന ഡോക്യുമെന്ററിയില്‍ നിന്നാണ് നോവല്‍ പിറന്നതെന്നും സുമന്ത ബാനര്‍ജിയുടെ “ദി വിക്ക്ഡ് സിറ്റി ക്രൈം ആന്റ് പണിഷ്‌മെന്റ് ഇന്‍ കൊളോണിയല്‍ കല്‍ക്കട്ട”, “ഡെയ്ഞ്ചറസ് ഔട്ട്കാസ്റ്റ് പ്രോസ്റ്റിറ്റിയൂഷന്‍ ഇന്‍ നയന്റീന്‍ത് സെഞ്ച്വറി ബംഗാള്‍”  എന്നിവയില്‍ നിന്നാണ് നോവലിലെ സംഭവ വികാസങ്ങള്‍ പകര്‍ത്തിയിട്ടുള്ളതെന്നും പി.എം. ഷുക്കൂര്‍ പറഞ്ഞു.

നോാവല്‍ രചിക്കുമ്പോള്‍ അതിലെ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതു തെറ്റല്ലെന്നും എന്നാല്‍ ഗവേഷണം നടത്തിയെന്നു പറയേണ്ട മാന്യത മീര പാലിക്കണമായിരുന്നുവെന്നും കെ.ന്‍െ ഷാജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാചകങ്ങളില്‍ തെറ്റുകളും അക്ഷരപ്പിശകുമുള്ള ആരാച്ചാര്‍ എങ്ങനെയാണ് വയലാര്‍ അവാര്‍ഡിന് അര്‍ഹമായതെന്ന് ജൂറി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോവലിന് വയലാര്‍ അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രൊഫസര്‍ എം.കെ. സാനുവിന്റെ വസതിയിലേ്ക്ക് പ്രതിഷേധ ജാഥ നടത്തുമെന്നും വിഷയവുമായി ബന്ധപ്പെട്ട് ആരാച്ചാര്‍ ഒരു പകല്‍ക്കൊള്ള എന്ന പേരില്‍ പുസ്തകമിറക്കുമെന്നും കെ.എന്‍ ഷാജി അറിയിച്ചു.