ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാകുന്നു: യു.എസില്‍ രാഹുല്‍ ഗാന്ധി
national news
ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാകുന്നു: യു.എസില്‍ രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd June 2023, 9:15 am

വാഷിങ്ടണ്‍: ഇന്ത്യയില്‍ പത്ര സ്വാതന്ത്ര്യം ഭീഷണിയാലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിങ്ടണ്‍ ഡി.സിയിലെ നാഷണല്‍ പ്രസ് ക്ലബില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് പത്രസ്വാതന്ത്ര്യം നിര്‍ണായകമാണെന്നും എപ്പോഴും ഒരാള്‍ വിമര്‍ശനത്തിന് തയ്യാറായിക്കണമെന്നും രാഹുല്‍ പറഞ്ഞു. ദേശീയ വ്യവഹാരത്തെ പ്രാപ്തമാക്കുന്ന സ്ഥാപനചട്ടകൂടിന് മേല്‍ നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയില്‍ പത്രസ്വാാതന്ത്ര്യം ദുര്‍ബലമാകുകയാണ്. ഇത് ഇന്ത്യയില്‍ പ്രകടമാണ്. മറ്റ് രാജ്യങ്ങള്‍ക്കും അത് കാണാനാകും. ഒരാള്‍ വിമര്‍ശിക്കാന്‍ തയ്യാറായിരിക്കണം. ഇന്ത്യയെ സംസാരിക്കാനും ഇന്ത്യന്‍ ജനതയെ ചര്‍ച്ച ചെയ്യാനും അനുവദിക്കുന്ന സ്ഥാപനചട്ടക്കൂടിന് നിയന്ത്രണമുണ്ട്. ഇന്ത്യയെ ഞാന്‍ കാണുന്നത് ജനങ്ങളും അവരുടെ സംസ്‌കാരങ്ങളും ഭാഷകളും ചരിത്രവുമെല്ലാം തമ്മിലുള്ള ഇടപെടലായിട്ടാണ്. ആ ചര്‍ച്ചകള്‍ സ്വതന്ത്ര്യമായും ന്യായമായും സാധ്യമാക്കുന്ന ചട്ടക്കൂടാണ് മഹാത്മ ഗാന്ധി സ്ഥാപിച്ചത്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ സാധ്യമാക്കുന്ന ഈ ഘടനയിപ്പോള്‍ നിയന്ത്രണത്തിലാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇത് സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും മേലുള്ള പിടിച്ചടക്കലാണെന്നും അദ്ദേഹം ആരോപിച്ചു. താന്‍ രാജ്യത്തുളനീളം നടന്നപ്പോള്‍ ആളുകള്‍ക്ക് ഉത്കണ്ഠ ഉണ്ടായിരുന്നതായി ഭാരത് ജോഡോ യാത്രയെ ഓര്‍മിപ്പിച്ച് കൊണ്ട രാഹുല്‍ പറഞ്ഞു.

‘ഞാന്‍ കേള്‍ക്കുന്നതെല്ലാം വിശ്വസിക്കാറില്ല. ഞാന്‍ ഇന്ത്യലുടനീളം, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സഞ്ചരിക്കുകയും ദശലക്ഷക്കണക്കിന് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. അവരൊന്നും സന്തോഷവാന്മാരാണെന്ന് എനിക്ക് തോന്നിയില്ല. പണപ്പെരുപ്പവും തൊഴിലില്ലാഴ്മയും പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ സമ്മതിച്ചു. അവരെല്ലാം ആശങ്കയിലായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ധ്രൂവീകരിക്കുന്ന കാഴ്ചപ്പാടിനെയാണ് ഭരണത്തിലുള്ള ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ചൊവ്വാഴ്ച കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം മോദിക്കെതിരെ വിമര്‍ശനങ്ങളുയര്‍ത്തി. ഇന്ത്യയിലെ ചില ആളുകളില്‍ എല്ലാം അറിയാമെന്ന ധാരണയുടെ രോഗമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രതിപക്ഷത്തെ കുറിച്ചുള്ള ചോദ്യത്തിന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം മറുപടി നല്‍കി. ‘ഞങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിക്കുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,’ രാഹുല്‍ ഗാന്ധിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് സന്ദര്‍ശനത്തിനിടെ വാഷിങ്ടണ്‍ ഡി.സി, സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും രാഹുല്‍ സന്ദര്‍ശനം നടത്തും.

Contenthighlight: Press freedom was under threat in india