ന്യൂദല്‍ഹി: മാധ്യമങ്ങള്‍ക്ക് “ദളിത്” എന്ന പദം ഉപയോഗിക്കാമോയെന്ന വിഷയത്തില്‍ പ്രസ്സ് കൗണ്‍സില്‍ തീരുമാനമെടുക്കുമെന്ന് വിവരസാങ്കേതിക മന്ത്രാലയം. ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ അവകാശം പ്രസ്സ് കൗണ്‍സിലിനാണെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
“ദളിത്” എന്ന പദം ഉപയോഗിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബോംബേ ഹൈക്കോടതി കഴിഞ്ഞയാഴ്ച മന്ത്രാലയത്തിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ആശയവിനിമയങ്ങളില്‍ നിന്നും ദളിതെന്ന വാക്ക് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.
ഔദ്യോഗിക വാര്‍ത്താവിനിമയങ്ങളില്‍ ദളിത് എന്ന പദമുപയോഗിക്കുന്നത് നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് മന്ത്രാലയങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സാമൂഹ്യനീതി വകുപ്പ് സര്‍ക്കുലറയച്ചിരുന്നു. ദളിത് എന്നു വിശേഷിപ്പിക്കുന്നതിനു പകരം ഭരണഘടനാപരമായ “പട്ടിക ജാതി” എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്നും മാര്‍ച്ച് 15നു പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
മന്ത്രാലയം സ്വന്തം നിലയ്ക്ക് ഈ വിഷയത്തില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കില്ലെന്നും, പ്രസ്സ് കൗണ്‍സിലിനെ ഉത്തരവാദിത്തം ഏല്‍പ്പിക്കാനാണ് സാധ്യതയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു. ജാതിയും മതവും കുറിക്കുന്ന പരാമര്‍ശങ്ങളെ സംബന്ധിച്ച് 1996ലെ ജേണലിസ്റ്റിക് പെരുമാറ്റച്ചട്ടക്രമത്തില്‍ വിശദീകരിക്കുന്നുണ്ടെന്ന് പ്രസ്സ് കൗണ്‍സിലിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍, സമൂഹമാധ്യമങ്ങളിലും മറ്റും ഈ നീക്കത്തെ വിമര്‍ശിച്ചു കൊണ്ട് പലരും മുന്നോട്ടു വരുന്നുണ്ട്. ഭരണഘടനാപരമായ പദപ്രയോഗം ഔദ്യോഗിക രേഖകളിലാകാം, മറിച്ച് പൊതുസമൂഹം ദളിതെന്ന വാക്ക് ഉപയോഗിക്കരുതെന്ന് ശഠിക്കാന്‍ സാധിക്കുകയില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അധ്യാപകനായ വിവേക് കുമാര്‍ പറയുന്നു. “ദളിത് എന്ന വാക്ക് സ്വന്തം അസ്തിത്വത്തെ കുറിക്കാന്‍ ദളിതുകള്‍ തന്നെ തെരഞ്ഞെടുത്തതാണ്. ഹരിജന്‍ അടക്കം മറ്റെല്ലാ പദങ്ങളും മറ്റുള്ളവര്‍ അവര്‍ക്കു നല്‍കിയതാണ്. “ദളിത്” അങ്ങിനെയല്ല.” വിവേക് കുമാര്‍ പറഞ്ഞു.