| Saturday, 17th November 2018, 10:01 am

മാധ്യമങ്ങളില്‍ ദളിത് പ്രയോഗം ഒഴിവാക്കാന്‍ സാധിക്കില്ല; കേന്ദ്രത്തിന് പ്രസ് കൗണ്‍സിലിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമങ്ങള്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശത്തോട് എതിര്‍പ്പറിയിച്ച് പ്രസ് കൗണ്‍സില്‍. മാധ്യമങ്ങള്‍ക്ക് അങ്ങനെയൊരു നിര്‍ദേശം നല്‍കാനാകില്ലെന്ന് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ റിട്ട ജസ്റ്റിസ് സി.കെ. പ്രസാദ് അറിയിച്ചു.

മാധ്യമങ്ങളില്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി ഓഗസ്ത് ഏഴിന് ബോംബെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇനി മുതല്‍ വാര്‍ത്തകളിലും പത്രക്കുറിപ്പുകളിലും ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ആവശ്യപ്പെട്ടു.

ALSO READ: നാമജപ യാത്രയില്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് വിതരണം; ശബരിമല പ്രശ്‌നങ്ങളിലൂടെ കൂടുതലാളുകളെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം

എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ദളിത് എന്ന പദം ഒഴിവാക്കണമെന്ന് കാണിച്ച് നല്‍കിയ സ്വകാര്യ ഹരജിയിന്‍മേലാണ് ബോംബെ ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് മാത്രമല്ല മാധ്യമങ്ങളിലും ഇനി ദളിത് എന്ന പദം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

ഭൂഷണ്‍ ധര്‍മാധികാരി, സാക ഹഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്നു കാണിച്ച് 2018 മാര്‍ച്ചില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.

ഇതുമായി ബന്ധപ്പെട്ട് നാല് ആഴ്ചകള്‍ക്കുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more