'ലിംഗമാറ്റ ശസ്ത്രക്രിയ,' 'ഗേ ജീവിതരീതി' തുടങ്ങിയവ ഉപയോഗിക്കരുത്; എൽ.ജി.ബി.ടി.ക്യൂ വാർത്തകളിൽ മാധ്യമങ്ങൾക്ക് പി.സി.ഐ നിർദേശം
national news
'ലിംഗമാറ്റ ശസ്ത്രക്രിയ,' 'ഗേ ജീവിതരീതി' തുടങ്ങിയവ ഉപയോഗിക്കരുത്; എൽ.ജി.ബി.ടി.ക്യൂ വാർത്തകളിൽ മാധ്യമങ്ങൾക്ക് പി.സി.ഐ നിർദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd September 2023, 11:36 am

ന്യൂദൽഹി: എൽ.ജി.ബി.ടി.ക്യൂയുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിൽ ഇന്ത്യൻ മാധ്യമങ്ങൾക്ക് മാർഗനിർദേശം പുറത്തിറക്കി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ). ‘ഷണ്ഡൻ’ പോലുള്ള വാക്കുകളും ‘ലിംഗമാറ്റ ശാസ്ത്രക്രിയ’ പോലുള്ള പ്രയോഗങ്ങളും ഉപയോഗിക്കാൻ പാടില്ല. പകരം ‘ട്രാൻസ്ജൻഡർ വ്യക്തി’ എന്നും ‘ലിംഗ സ്ഥിരീകരണ ശാസ്ത്രക്രിയ’ എന്നും യഥാക്രമം ഉപയോഗിക്കണം.

ട്രാൻസ്ജൻഡർ എന്നതിന് പകരം ട്രാൻസ്ജൻഡർ വ്യക്തി എന്ന് ഉപയോഗിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്.
‘ട്രാൻസ്ജൻഡർ എന്ന് നിങ്ങളുടെ ലേഖനങ്ങളിൽ ഉപയോഗിക്കരുത്. അതൊരു നാമവിശേഷണമാണ്. ട്രാൻസ്ജൻഡർ വ്യക്തി, ട്രാൻസ്ജൻഡർ വനിത, ട്രാൻസ്ജൻഡർ പുരുഷൻ എന്ന് ഉപയോഗിക്കണം,’ മാർഗനിർദേശത്തിൽ പറയുന്നു.

ജൻഡർ, സെക്ഷ്വാലിറ്റി, ബന്ധപ്പെട്ട പ്രയോഗങ്ങളും ഉപയോഗവും എന്നിവയിൽ ധാരണ ഉണ്ടാക്കാനാണ് പുതിയ മാർഗ്ഗനിർദേശം പുറത്തിറക്കിയത് എന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അറിയിച്ചു.

എൽ.ജി.ബി.ടി.ക്യൂ വ്യക്തികളെ കുറിച്ച് ഏതെങ്കിലും രീതിയിൽ പ്രസിദ്ധീകരിക്കുമ്പോൾ അവരുടെ പേരും ഫോട്ടോയും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകും മുമ്പ് അനുവാദം ചോദിക്കണമെന്നും മാധ്യമപ്രവർത്തകർക്ക് നൽകുന്ന നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

സ്വത്വം, മനുഷ്യ ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് എൽ.ജി.ബി.ടി.ക്യൂ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോൾ ‘ആരോപിച്ച’ എന്ന പ്രയോഗം ഉപയോഗിക്കരുത് എന്നും നിർദേശമുണ്ട്.

‘ട്രാൻസ്ജൻഡർ വ്യക്തി എന്ന് ആരോപിക്കുന്ന, റിലേഷൻഷിപ്പിലാണ് എന്ന് ആരോപിക്കുന്ന പോലുള്ള പ്രയോഗങ്ങൾ പാടില്ല. മറ്റുള്ളവ പോലെ യഥാർത്ഥവും സാധുവായതുമാണ് അവരുടെ ഐഡന്റിറ്റിയും ബന്ധങ്ങളും,’ പ്രസ് കൗൺസിൽ നിർദേശത്തിൽ പറയുന്നു.

ട്രാൻസ്ജൻഡർ വ്യക്തിയുടെ മുൻകാല ജൻഡർ ഐഡന്റിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്നും ‘അവൻ അവൾ ആയിരുന്നു,’ ‘അവൾ അവനായിരുന്നു’ പോലുള്ള പ്രയോഗങ്ങൾ പാടില്ല എന്നും നിർദേശമുണ്ട്. ശസ്ത്രക്രിയയിലൂടെ കടന്നുപോകേണ്ടി വന്നതിനെ കുറിച്ചും പറയേണ്ടതില്ലെന്ന് പി.സി.ഐ നിർദേശിക്കുന്നു.

‘ഹോമോസെക്ഷ്വൽ’ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ സൂക്ഷ്മത കാണിക്കണമെന്നും മാനസിക വൈകല്യമാണെന്ന ദുർവ്യാഖ്യാനം കാലഹരണപ്പെട്ടുവെന്നും അത് ശാസ്ത്രത്തിന് പുറത്താണെന്നും പി.സി.ഐ ചൂണ്ടിക്കാട്ടി.

‘പ്രത്യേക അവകാശങ്ങൾ,’ ‘ലൈംഗിക താത്പര്യം,’ ‘ഗേ ജീവിതരീതി’ എന്ന പ്രയോഗങ്ങൾക്കെല്ലാം പി.സി.ഐ കടിഞ്ഞാണിടുന്നുണ്ട്.
ലിംഗ സ്ഥിരീകരണ ശസ്ത്രക്രിയക്ക് വിധേയരായവരോട് പഴയ ഫോട്ടോ ചോദിക്കുന്നത് അനാവശ്യവും അനുചിതവുമാണെന്നും മാർഗനിർദേശമുണ്ട്.

Content Highlight: Avoid use of words like ‘eunuch’: Press Council of India issues guidelines for LGBTQ news coverage