1975-ല്‍ അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പും പ്രഖ്യാപിച്ചതിനു ശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പത്രലോകത്തോട് കാണിച്ച ഒരു വലിയ ‘ഔദാര്യ’മുണ്ട്. പത്രസ്വാതന്ത്ര്യ സംരക്ഷണത്തിനായി ഇന്ത്യാ ഗവണ്മെന്റ് സ്ഥാപിച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനം അവര്‍ പിരിച്ചുവിട്ടു.
അടിയന്തരാവസ്ഥയില്‍ സെന്‍സര്‍ഷിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പത്രലേഖകരെ ഓടിച്ചുപിടിച്ച് ജയിലിലോ വീട്ടുതടങ്കലിലോ ആക്കിയിരുന്നില്ല. പത്രപ്രവര്‍ത്തകര്‍ക്ക് എവിടെയെങ്കിലും സഞ്ചരിക്കാന്‍ പൊലീസ് അനുമതി വേണ്ടിവന്നിരുന്നില്ല. പത്രം അച്ചടിക്കാന്‍ പറ്റാത്ത അവസ്ഥ ഒരിടത്തും ഉണ്ടായുമില്ല. ഒരു സംസ്ഥാനം പോലും ആഴ്ചകളോളം പത്രരഹിതമായി മാറിയിരുന്നില്ല. ടെലഫോണ്‍ സംവിധാനങ്ങള്‍ പൂര്‍ണമായി അടച്ചു പൂട്ടിയിരുന്നില്ല. ഇതെല്ലാം ക്ശ്മീരില്‍ സംഭവിക്കുന്നു.
ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് ഇത്രയും സംഭവിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും, വിമര്‍ശിക്കുന്നതു പോകട്ടെ ഒന്ന് അന്വേഷിച്ച് എന്തെങ്കിലും അരുതായ്മകള്‍ അവിടെ സംഭവിച്ചിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലുമുള്ള സന്നദ്ധത ആ സ്ഥാപനം പ്രകടിപ്പിച്ചിട്ടില്ല.
പ്രസ് കൗണ്‍സിലിന്റെ ഒരു അന്വേഷണസംഘം ഇതുവരെ കശ്മീരിലേക്കു പോയിട്ടില്ല. കശ്മീര്‍ സര്‍ക്കാറിനോട് ഒരു റിപ്പോര്‍ട്ട് ചോദിച്ചിട്ടുപോലുമില്ല. യുദ്ധമേഖലയില്‍ പോലും കാണാത്ത നിയന്ത്രണങ്ങളിലൊട്ടും അയവ് വരുത്താതിരുന്നിട്ടും മൗനംവെടിയാന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.പ്രസാദ് തയ്യാറായിട്ടില്ല. എന്നിട്ടിപ്പോള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് പ്രസാദ് വേവലാതിപ്പെടുന്നത് പ്രസ് കൗണ്‍സില്‍ തയ്യാറാക്കിയ പത്രപ്രവര്‍ത്തക പെരുമാറ്റച്ചട്ടസംഹിത കശ്മീരിലെ പത്രപ്രവര്‍ത്തകര്‍ പാലിക്കുന്നുണ്ടോ എന്നതിലാണ്. കൗണ്‍സില്‍ ഇക്കാര്യം സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഒരു രേഖ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടത്രെ.
കശ്മീര്‍ ടൈംസ് എക്സി.എഡിറ്റര്‍ അനുരാധ ഭാസീന്‍ സമര്‍പ്പിച്ച ഒരു റിട്ട് ഹരജി സുപ്രീം കോടതി പരിഗണിക്കുന്നതിന് ഇടയിലാണ്, ഞങ്ങള്‍ക്കും ചിലതു പറയാനുണ്ട്, അനുവദിക്കണമേ എന്ന ഹരജിയുമായി പ്രസ് കൗണ്‍സില്‍ പാഞ്ഞു ചെന്നിരിക്കുന്നത്.
ചെയര്‍മാന്‍ കൗണ്‍സില്‍ പെരുമാറ്റ സംഹിതയിലെ 23 ാം വകുപ്പ് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ‘വാര്‍ത്തകളും അഭിപ്രായങ്ങളും വിവരങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സമൂഹത്തിന്റെയോ രാജ്യത്തിന്റെയോ ഉന്നതമായ താല്പര്യങ്ങള്‍ക്കു ഹാനികരമായ യാതൊന്നും പ്രസിദ്ധീകരിക്കപ്പെടുന്നില്ല എന്നു പത്രപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തേണ്ടതുണ്ട് ‘ എന്നാണ് ഈ വകുപ്പില്‍ പറഞ്ഞിരിക്കുന്നത് എന്ന് കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.പ്രസാദ്
കശ്മീരിലെ പത്രങ്ങളോ മറ്റു മാധ്യമങ്ങളോ രാജ്യതാല്പര്യങ്ങള്‍ തകരാറാക്കുന്ന എന്തെങ്കിലും പ്രസിദ്ധപ്പെടുത്തിയതായി ആഗസ്റ്റ് അഞ്ചിനോ അതിനു ശേഷമോ ഒരാക്ഷേപവും ഉണ്ടായിട്ടില്ല. ഉണ്ടെങ്കില്‍തന്നെ അതിനെതിരെ കേസ് ചാര്‍ജ് ചെയ്ത് നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ആവശ്യത്തിനു നിയമമില്ലെന്ന പരാതിയൊന്നും കശ്മീരില്‍ ഇല്ലല്ലോ.
കശ്മീരില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. നിയമങ്ങളോ നിയമവാഴ്ചയോ റദ്ദാക്കപ്പെട്ടിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നില നില്‍ക്കുന്നുണ്ട്. എന്നിട്ടും, ഇതിന്റെയെല്ലാം അതിഗുരുതരമായ ലംഘനങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ വേറെയെന്തെല്ലാമോ പറയാന്‍ ശ്രമിക്കുന്ന ഇത്തരമൊരു കൗണ്‍സിലിനു തുടരാന്‍ ഒരു അവകാശവുമില്ല.
കേന്ദ്രസര്‍ക്കാറിനു വേണ്ടത് ഇത്തരമൊരു കൗണ്‍സില്‍ ആണ് എന്നറിഞ്ഞു കൊണ്ടുതന്നെ പറയട്ടെ, അല്ലെങ്കില്‍ത്തന്നെ ‘വെറും പല്ലില്ലാപ്പുലി’ എന്ന പേരു നേടിയിട്ടുള്ള ഈ കൗണ്‍സില്‍ പിരിച്ചുവിടണം. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിനു നല്ലത്.