| Monday, 26th August 2019, 3:18 pm

കശ്മീര്‍ ടൈംസിന്റെ ഹരജിയെ എതിര്‍ത്തത് തങ്ങളെ അറിയിക്കാതെ; ചെയര്‍പേഴ്‌സണെതിരെ പ്രസ് കൗണ്‍സില്‍ അംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ക്കുമേലുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയെ എതിര്‍ത്ത പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയനും കൗണ്‍സിലിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളും.

കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സി.കെ പ്രസാദ് ഹരജിയില്‍ ഇടപെടാന്‍ തീരുമാനിച്ചതെന്നാണ് വിമര്‍ശനം. സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുമ്പ് ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ അംഗങ്ങളുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.

ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗവുമായ ഡി. അമര്‍, ഐ.യു.ജെ ജനറല്‍ സെക്രട്ടറിയും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് വൈസ് പ്രസിഡന്റ് സബിന ഇന്ദ്രജിത്, പ്രസ് കൗണ്‍സില്‍ അംഗങ്ങളാണ് ബല്‍വീന്ദര്‍ എസ്. ജമ്മു, എം. മജീദ് എന്നിവര്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് പ്രസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണെ വിമര്‍ശിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചെയര്‍പേഴ്‌സണിന്റെ നീക്കം സംഘടനയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്ന് മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്ന കൗണ്‍സിലിന്റെ സുപ്രധാന ലക്ഷ്യത്തിനു തന്നെ എതിരാണെന്നും ഇവര്‍ പറയുന്നു.

കശ്മീരിലെ മാധ്യമ നിയന്ത്രണത്തിനെതിരെ കശ്മീര്‍ ടൈംസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ അനിരുദ്ധ ഭാസിന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയോട് പ്രതികരിച്ചായിരുന്നു പ്രസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. രാജ്യത്തിന്റെ പരമാധികാരത്തിനുവേണ്ടിയാണെന്നു പറഞ്ഞ് മാധ്യമ നിയന്ത്രണത്തെ പിന്തുണയ്ക്കുന്നതായിരുന്നു കൗണ്‍സിലിന്റെ സത്യവാങ്മൂലം.

ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നും സ്വതന്ത്രമായ മാധ്യമ റിപ്പോര്‍ട്ടിങ്ങിന് അവസരമൊരുക്കണമെന്നുമാണ് ആഗസ്റ്റ് 22ലെ യോഗത്തില്‍ പ്രസ് കൗണ്‍സിലിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ബല്‍വീന്ദര്‍ പറഞ്ഞതായി ദ സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് അംഗീകരിക്കാതായതോടെ കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാലംഗ സംഘത്തെ അവിടേയ്ക്ക് അയക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു.

‘അംഗങ്ങളുടെ അഭിപ്രായത്തിന് തീര്‍ത്തും എതിരായ ഹരജിയെ സംബന്ധിച്ച് ആ യോഗത്തില്‍ ചെയര്‍മാന്‍ കൗണ്‍സിലിനെ അറിയിച്ചിരുന്നില്ല.’ അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത് ഞെട്ടിക്കുന്നതാണ്. ഇനിയെന്തു ചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കും. ഈ ഹരജി പ്രസ് കൗണ്‍സില്‍ പിന്‍വലിക്കണം. പകരം അഭിപ്രായ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ ആവശ്യപ്പെടുന്ന പുതിയ ഹരജി നല്‍കണം.’ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more