| Monday, 23rd November 2020, 11:01 am

ബി.ജെ.പി സംസ്ഥാന നേതാവിനെതിരെ വാര്‍ത്താസമ്മേളനം; ഭാര്യാമാതാവിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന സി. കൃഷ്ണകുമാറിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ ഭാര്യാമാതാവിനെ അപായപ്പെടുത്താന്‍ ശ്രമം.

കൃഷ്ണകുമാറിന്റെ ഭാര്യയും പാലക്കാട് നഗരസഭ 18-ാം വാര്‍ഡ് ബി.ജെ.പി സ്ഥാനാര്‍ഥിയുമായ മിനി കൃഷ്ണകുമാര്‍ തന്നെ കാര്‍ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായാണ് അമ്മ സി.കെ വിജയകുമാരി ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതിയില്‍ പറഞ്ഞത്.

മിനിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആള്‍കൂടിയാണ് വിജയകുമാരി. കൃഷ്ണകുമാര്‍ കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും വിജയകുമാരിയും മകള്‍ സിനി സേതുമാധവനും ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

രാത്രി എട്ടോടെ അയ്യപുരത്തെ വീടിനുമുന്നിലെ പൊതുപൈപ്പില്‍നിന്ന് വെള്ളമെടുക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. പ്രധാന റോഡില്‍നിന്ന് മിനി കാര്‍ അതിവേഗം ഓടിച്ച് തന്റെ നേരെ വന്നെന്നും ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നെന്നും വിജയകുമാരി പരാതിയില്‍ പറഞ്ഞു.

തുടര്‍ന്ന് മിനി അസഭ്യം പറയുകയും ‘നിന്നെ കാണിച്ചു തരാമെന്ന്’ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. സിനിക്കൊപ്പമാണ് വിജയകുമാരി താമസിക്കുന്നത്.

കൃഷ്ണകുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് ഭാര്യാ സഹോദരി സിനി സേതുമാധവനും അമ്മ സി.കെ വിജയകുമാരിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതുവരെ മൂടിവച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് പാര്‍ട്ടിയും ഞങ്ങളെ കൈവിട്ടതുകൊണ്ടാണെന്നും സിനി പറഞ്ഞിരുന്നു.

സ്വന്തം വീട്ടില്‍ അഴിമതിക്ക് തുടക്കമിട്ട കൃഷ്ണകുമാറിന്റെ മുഖം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായതെന്ന് ഭാര്യമാതാവ് സി.കെ വിജയകുമാരി പറഞ്ഞു. തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ഇടപെട്ടതായും അവര്‍ പറഞ്ഞിരുന്നു.

എറണാകുളത്തെ തറവാട് വീട് വിറ്റ് പാലക്കാട് താമസമാക്കി കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം വീട് തട്ടിയെടുക്കാന്‍ കൃഷ്ണകുമാര്‍ ശ്രമിക്കുകയായിരുന്നു. വരുമാനം ഇല്ലാതാക്കാനും നിരന്തരം ഇടപെട്ടു. എം.ബി.എ ബിരുദധാരിയായ തനിക്ക് ഒരു സ്ഥാപനവും ജോലിനല്‍കുന്നില്ലെന്നും എവിടെയെങ്കിലും ജോലിക്ക് കയറിയാല്‍ അടുത്ത ദിവസം കൃഷ്ണകുമാര്‍ ഇടപെട്ട് ആ ജോലി ഇല്ലാതാക്കുമെന്നും സിനി പറയുന്നു.

‘അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തു. അത് ചോദ്യംചെയ്ത തന്നെ ഭീഷണിപ്പെടുത്തി. അച്ഛന്‍ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു’, എന്നും സിനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഏഴ് വര്‍ഷമായി പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വച്ച് കൃഷ്ണകുമാര്‍ തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും സിനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പാലക്കാട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സിനി പറഞ്ഞു.

‘പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീയെന്ന നിലയില്‍ കാണണമെന്ന് പറഞ്ഞത് വല്ലാതെ വിഷമിപ്പിച്ചു. ഇത്തരം പ്രശ്നങ്ങള്‍ അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനോട് പറഞ്ഞിരുന്നു. കുടുംബപ്രശ്നങ്ങള്‍ എന്തിന് പാര്‍ട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’, സിനി പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ മത്സരിച്ചിരുന്ന വാര്‍ഡില്‍ ഭാര്യ മിനി കൃഷ്ണകുമാറാണ് മത്സരിക്കുന്നത്. അതേസമയം കൃഷ്ണുകമാറിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടാന്‍ മിനി കൃഷ്ണകുമാര്‍ മത്സരിക്കുന്ന വാര്‍ഡില്‍ പ്രചാരണത്തിനിറങ്ങുമെന്ന് അമ്മ വിജയകുമാരി പറഞ്ഞു.

പാര്‍ട്ടിയോടുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Press conference against BJP state leader; Attempt to endanger mother-in-law

We use cookies to give you the best possible experience. Learn more