കോട്ടയം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയ്ക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ അനുമതി നിഷേധിച്ച് കോട്ടയം പ്രസ് ക്ലബ്ബ്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വാര്‍ത്താ സമ്മേളനം നടത്താന്‍ വേദി നല്‍കില്ലെന്ന് കോഴിക്കോട് പ്രസ് ക്ലബ്ബും അറിയിച്ചു.
ബി.ജെ.പി യുടെ സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നമാധ്യമ പ്രവര്‍ത്തകര്‍ വ്യപകമായി ആക്രമിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് പ്രസ് ക്ലബ്ബുകളുടെ തീരുമാനം. ഹര്‍ത്താല്‍ ദിനമായ ഇന്നും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക നേരെ ആക്രമണങ്ങള്‍ ഉണ്ടായി.
സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള വ്യാപക അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബി.ജെ.പി പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ കെ.യു.ഡബ്ല്യു.ജെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു . പ്രതിഷേധമറിയിച്ച് സെക്രട്ടറിയേറ്റ് പരിസരത്ത് കെ.യു.ഡബ്ല്യൂ.ജെ മാര്‍ച്ചും നടത്തി.
ബി.ജെ.പി യുടെ സമരങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത് അത്യധികം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി പ്രസ്താവിച്ചു.