തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ് അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്ത താത്ക്കാലിക സെക്രട്ടറി സാബ്ലു തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഭരണ സമിതിയംഗങ്ങളുടെ കൂട്ട രാജി.
സോണിച്ചന്‍ പി. ജോസഫ്(പ്രസിഡന്റ്) എം.രാധാകൃഷ്ണന്‍(മുന്‍ സെക്രട്ടറി), എസ്. ശ്രീകേഷ്,(ഖജാന്‍ജി) ഹാരിസ് കുറ്റിപ്പുറം( വൈസ് പ്രസിഡന്റ്) മാനേജ് കമ്മിറ്റിയംഗങ്ങളായ പി.എം ബിജുകുമാര്‍, രാജേഷ് ഉള്ളൂര്‍, ലക്ഷ്മി മോഹന്‍, എച്ച്. ഹണി, അജി ബുധന്നൂര്‍ (വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍) എന്നിവരാണ് രാജിവെച്ചത്.
സെക്രട്ടറിയുടെ താത്കാലിക ചുമതല ലഭിച്ച സാബ്ലു തോമസ് പ്രസ് ക്ലബിനെ എല്ലാക്കാലവും തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം ചേര്‍ന്ന്, പ്രസിഡന്റ് സോണിച്ചന്‍ പി.ജോസഫിനെ പോലും അറിയിക്കാതെ മനേജിംഗ് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി മാനേജിങ് കമ്മിറ്റി യോഗവും ജനറല്‍ ബോഡിയോഗവും വിളിച്ചു ചേര്‍ക്കുന്നതായി അറിയിപ്പ് നല്‍കിയെന്നാണ് ഭരണ സമിതി അംഗങ്ങള്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്.
ഒരു മാനേജിംഗ് കമ്മിറ്റി എടുത്ത തീരുമാനം പുന:പരിശോധിക്കാനോ റദ്ദാക്കാനാ ആ കമ്മിറ്റിക് മാത്രമേ അവകാശമുള്ളൂവെന്നും സാബ്ലൂ തോമസിന്റെ നടപടി പ്രസ്‌ക്ലബ്ബ് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുമാണ് ഇവര്‍ രാജിക്കത്തില്‍ പറഞ്ഞുവെക്കുന്നത്.
എന്നാല്‍ പത്തിലൊന്നംഗങ്ങള്‍ ഒപ്പിട്ടു തന്നാല്‍ ജനറല്‍ ബോഡി വിളിക്കണമെന്ന് പ്രസ് ക്ലബിന്റെ ഭരണഘടനയില്‍ വകുപ്പുണ്ടെന്നും ആ വകുപ്പ് പ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നുമാണ് സാബ്ലു തോമസ് വ്യക്തമാക്കിയത്. ആ തീരുമാനം ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണെന്നും സാബ്ലു തോമസ് വിശദീകരിക്കുന്നു.
ജനറല്‍ ബോഡിയാണ് പരമാധികാര സമിതി. ജനറല്‍ ബോഡിക്ക് ഒരു അംഗത്തെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമുണ്ട്. ഞാനെടുത്ത തീരുമാനം ശരിയാണോ തെറ്റാണോ എന്ന് ജനറല്‍ ബോഡി തീരുമാനിക്കട്ടെ. പരമാധികാരം മാനേജ്‌മെന്റ് കമ്മിറ്റിക്കല്ല, ജനറല്‍ ബോഡിക്കാണ്. അത് അവര്‍ തീരുമാനിക്കട്ടെ. ജനറല്‍ ബോഡി മറിച്ചാണ് തീരുമാനിക്കുന്നതെങ്കില്‍ അങ്ങനെ. അങ്ങനെ ഉണ്ടാവില്ലെന്നാണ് വിശ്വാസം.
സ്ത്രീപക്ഷ നിലപാടുകളൊക്കെ കുറേ പേര്‍ക്കെങ്കിലും മനസിലാകുന്ന സാമൂഹ്യസാഹചര്യമാണ് ഉള്ളതെന്നാണ് കരുതുന്നത്. ജനറല്‍ ബോഡിയില്‍ നിന്നും മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.
22 ാം തിയതി ജനറല്‍ ബോഡി വിളിക്കാന്‍ തീരുമാനിച്ച വിവരം ഭരണസമിതി അംഗങ്ങള്‍ മറ്റുള്ളവരെ അറിയിച്ചിരുന്നില്ലെന്നും ജനറല്‍ ബോഡി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു അവര്‍ നടത്തിയതെന്നും സാബ്ലു തോമസ് പറഞ്ഞു. അംഗങ്ങളെ അത് അറിയിക്കാത്തത് എന്താണെന്ന ചോദ്യത്തിന് പ്രസിഡന്റ് അടക്കമുള്ളവര്‍ അന്ന് മറുപടി തന്നിരുന്നില്ലെന്നും ആ സാഹചര്യത്തിലാണ് അടിയന്തര ജനറല്‍ ബോഡി വിളിച്ചതെന്നും സാബ്ലു തോമസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അംഗങ്ങള്‍ നേരിട്ട് സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.രാധാകൃഷ്ണനെ നടപടി ക്രമങ്ങള്‍ പാലിക്കാതെ അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തതായുള്ള സാബ്ലു തോമസിന്റെ പ്രഖ്യാപനവും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും തികച്ചും നിയമവിരുദ്ധമാണെന്നും
പ്രസ്‌ക്ലബ്ബിനെ തകര്‍ക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു സംഘം ആളുകളുടെ കൂട്ടാളിയായി സാബ്ലൂ തോമസ് മാറിയിരിക്കുകയാണെന്നുമാണ് രാജിക്കത്തില്‍ ഭരണ സമിതി അംഗങ്ങള്‍ ആരോപിക്കുന്നത്.
എന്നാല്‍ തിരുവനന്തപുരത്ത് കുറേക്കാലമായി പത്രപ്രവര്‍ത്തനം നടത്തുന്ന ആളാണ് താനെന്നും. താന്‍ എങ്ങനെയുള്ള ആളാണെന്ന് പത്രപ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും പ്രസ് ക്ലബ്ബിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ആളാണോ താന്‍ എന്ന് അവര്‍ തീരുമാനിക്കട്ടെ എന്നുമായിരുന്നു സാബ്ലു തോമസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാബ്ലു തോമസായിരുന്നു ഇന്നലെ കെ.എം രാധാകൃഷ്ണനെ പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായുള്ള ഉത്തരവിറക്കിയത്.
പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണം കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ താത്കാലികമായി മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം അംഗങ്ങള്‍ തന്ന പരാതി വനിതാ അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയെ അന്വേഷിക്കാനും തീരുമാനമായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സമിതി 10 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു തിരുമാനം. ഇതോടൊപ്പം 22 ന് പൊതുയോഗം കൂടാനും തീരുമാനിച്ചിരുന്നു. സെക്രട്ടറിയുടെ താത്കാലിക ചുമതല ജോയിന്റ് സെക്രട്ടറിയായ സാബ്ലു തോമസിന് നല്‍കാനും യോഗം തീരുമാനിച്ചു. സാബ്ലുവും കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനങ്ങളെടുത്തത്.
മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നും എം. രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തൊഴിലെടുക്കുന്ന സ്ഥാപനവും രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പുറമെ രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്നാണ് രാധാകൃഷ്ണനെതിരായ ആരോപണം. സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ