| Monday, 13th June 2022, 8:02 am

സബ നഖ്‌വിക്കെതിരായ കേസ്: പ്രതിഷേധവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സബ നഖ്‌വിക്കെതിരെ കേസെടുത്ത ദല്‍ഹി പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സും. സബയ്‌ക്കെതിരെ ചുമത്തിയ കേസ് ചെയ്യാത്ത തെറ്റിനാണെന്നും പ്രസ് ക്ലബ് ചൂണ്ടിക്കാട്ടി.

പൊലീസിന്റെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സ് പറഞ്ഞു.

മതമൗലികവാദത്തിനും വിദ്വേഷ പ്രസംഗത്തിനും അനീതിക്കുമെതിരെ നിലകൊള്ളുന്നയാളാണ് താനെന്നും വിദേശത്തുനിന്നും തിരിച്ചെത്തിയാല്‍ ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സബ പറഞ്ഞു.

സബ നഖ്‌വി, അസദുദ്ദീന്‍ ഉവൈസി തുടങ്ങി 32 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സബയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഇവര്‍ക്കെതിരെ കെസെടുത്തത്.

യു.പിയിലെ വാരാണസില്‍ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘപരിവാര്‍ പ്രചരണത്തെ ട്രോളി സബ നഖ്വി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് കേസിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

പ്രവാചക നിന്ദക്ക് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കും മറ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കുമെതിരെ പുതിയൊരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഈ മാസം 22ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlight: Press Club protests against case against saba naqvi

We use cookies to give you the best possible experience. Learn more