ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം അപകടാവസ്ഥയിൽ; ആശങ്ക പ്രകടിപ്പിച്ച് പ്രസ് ബോഡികൾ
India
ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം അപകടാവസ്ഥയിൽ; ആശങ്ക പ്രകടിപ്പിച്ച് പ്രസ് ബോഡികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2024, 8:34 am

ന്യൂദൽഹി:ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോടാവശ്യപ്പെടാൻ ഉന്നത പ്രസ് ബോഡികളുടെ തീരുമാനം. പ്രമുഖ ഇന്ത്യൻ മാധ്യമ സംഘടനകൾ മെയ് മാസം അവസാന വാരത്തോടടുത്ത് നടത്തിയ യോഗത്തിലാണ് തീരുമാനം എടുത്തത്. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നിയമങ്ങൾ തടയാൻ യോഗത്തിൽ പ്രത്യേക പ്രമേയം പാസാക്കി.

പ്രസ്ക്ലബ് ഓഫ് ഇന്ത്യ, ദി ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ, ദി ദൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ് , ദി ഡിജി പബ് ന്യൂസ് ഫൗണ്ടേഷൻ , വർക്കിങ് ന്യൂസ് ക്യാമറ മെൻസ് ഫൗണ്ടേഷൻ, ഇന്ത്യൻ വുമൺസ് പ്രസ് ക്രോപ്സ് പ്രസ്ക്ലബ് ഓഫ് മുംബൈ, കൊൽക്കട്ട തിരുവനന്തപുരം എന്നീ ഉന്നത മാധ്യമ സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്.

യോഗത്തിൽ പങ്കെടുത്ത സംഘടനകൾ സർക്കാർ, മാധ്യമങ്ങളുടെ മേൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളെക്കുറിച്ചും പൗരന്മാരുടെ വിവരാവകാശത്തെ ബാധിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.

ജനങ്ങളുടെ വിവരാവകാശം ഇല്ലാതാക്കില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണം. ഇൻ്റർനെറ്റ് തടസപ്പെടുത്തുന്നത് പൗരന്മാരുടെ വിവരാവകാശത്തെയും മാധ്യമങ്ങൾക്ക് വാർത്തകൾ സുഗമമായി സംപ്രക്ഷേപണം ചെയ്യുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രമേയത്തിൽ പറഞ്ഞു.

അതോടൊപ്പം ബ്രോഡ്കാസ്റ്റ് സർവീസസ് (റെഗുലേഷൻ) ബിൽ 2023, ഡിജിറ്റൽ പേർസണൽ ഡാറ്റാ പ്രൊട്ടെക്ഷൻ ആക്റ്റ് 2023, ദി പ്രസ് ആൻ്റ് രജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൻ ആക്ട് 2023, ദി ഇൻഫോർമേഷൻ ടെക്നോളജി അമെൻ മെൻ്റ് റൂൾസ് 2023 എന്നീ ബില്ലുകളും പ്രധാനമായി 2023 ലെ ഇൻഫർമേഷൻ ടെക്നോളജി ഭേദഗതി നിയമങ്ങൾക്ക് കീഴിലുള്ള വ്യവസ്ഥകളും നിർത്തലാക്കണമെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്.

2023 ലെ ഇൻഫർമേഷൻ ടെക്നോളജി ഭേദഗതിയിൽ തെറ്റിധരിപ്പിക്കുന്ന ഉള്ളടക്കമുണ്ടെന്ന് സർക്കാർ കരുതുന്ന വിവരങ്ങൾ നീക്കം ചെയ്യാൻ സർക്കാരിനധികാരം നൽകുന്നുണ്ട്. ഇത് മാധ്യമങ്ങളെ നിശബ്ദരാക്കുകയാണ് ചെയ്യുന്നതെന്നും പ്രമേയത്തിൽ പറഞ്ഞു.

ബ്രോഡ്കാസ്റ്റ് സർവീസ് റെഗുലേഷൻ ബിൽ 2023 ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണത്തിന് രൂപീകരിച്ചതാണ്. നിർബന്ധിത രജിസ്ട്രേഷൻ, ഉള്ളടക്ക നിയന്ത്രണങ്ങൾ തുടങ്ങിയവ ഈ നിയമത്തിൽ ഉൾപ്പെടുന്നു . ഇവയും പിൻവലിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം പൗരന്മാരുടെ വിവരാവകാശത്തിനുമേലുള്ള നിയന്ത്രണങ്ങളും ആശങ്ക ഉർത്തുന്നതായി പ്രമേയം സൂചിപ്പിക്കുന്നുണ്ട്.

2005 ലെ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ള 2023 ലെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ ആക്ടിലെ എല്ലാ വ്യവസ്ഥകളും സർക്കാർ ഇല്ലാതിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെടുന്നു

പൗരന്മാരുടെ സ്വകാര്യതക്കായുള്ള അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം നിയമങ്ങൾ പത്രസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നില്ലെന്നും സർക്കാർ ഉറപ്പുവരുത്തണമെന്ന് പ്രമേയത്തിൽ മാധ്യമ സംഘടനകൾ പറഞ്ഞു.

പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് ഗൗതം ലാഹിരി, മുംബൈ പ്രസ് ക്ലബ് ചെയർമാൻ ഗുൽബീർ സിങ്, പ്രസ് ക്ലബ് കൊൽക്കത്തയുടെ പ്രസിഡൻ്റ് സ്നേഹസിസ് സുർ , തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി തുടങ്ങിയവർ പ്രമേയത്തിൽ ഒപ്പുവെച്ചു.

 

 

Content Highlight : Press Bodies Appeal to Centre to ‘Withdraw Laws Aimed at Curbing Freedom of Press