നിയാമെ: നൈഗര്‍ പ്രസിഡന്റിനെ കരുതല്‍ തടങ്കലില്‍ വെച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്‍ഡിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലരാണ് പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെതിരെ ഒരു അട്ടിമറി നീക്കത്തിന് ശ്രമിച്ചതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം പ്രഖ്യാപിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്മാറിയില്ലെങ്കില്‍ സൈന്യം ആക്രമിക്കാന്‍ തയ്യാറാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകള്‍ റിപ്പബ്ലിക്കന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധത്തില്‍ ഏര്‍പ്പെടുകയും മറ്റ് സുരക്ഷാ സേനകളുടെ പിന്തുണ നേടാന്‍ ശ്രമിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടെന്നാണ് വിവരം.
നൈഗര്‍ തലസ്ഥാനമായ നിയാമിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനുള്ളില്‍ ഗാര്‍ഡുകള്‍ ബാസൂമിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രസിഡന്റ് ബാസൂമും കുടുംബവും സുഖമായിരിക്കുന്നുവെന്നാണ് വിവരം.
ബാസൂം അധികാരം കൈമാറണമെന്നാണ് അട്ടിമറിക്കാരുടെ ആവശ്യം. കൊട്ടാരവും അതിനടുത്തുള്ള മന്ത്രാലയങ്ങളും ബുധനാഴ്ച രാവിലെ സൈനിക വാഹനങ്ങള്‍ തടഞ്ഞിരുന്നു. കൊട്ടാരത്തിനുള്ളിലെ ജീവനക്കാര്‍ക്കും അവരുടെ ഓഫീസുകളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.
രാഷ്ട്രത്തലവനെ മോചിപ്പിക്കാന്‍ അധികം വൈകാതെ തന്നെ സൈനിക നടപടികള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനായി ബാസൂമിന്റെ അടുത്ത അനുയായികളായ സൈനികര്‍ക്ക് സൈനിക മേധാവികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ആഫ്രിക്കന്‍ യൂണിയന്‍ രംഗത്തെത്തി. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസിഡന്റിനെ ഉടന്‍ മോചിപ്പിക്കണമെന്നും ആഫ്രിക്കന്‍ യൂണിയന്‍ വാര്‍ത്താക്കുറിപ്പിറക്കി.
Content Highlights: presidential guard tried to hijack against nigerian President Mohamed Bazoum